കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. ജാമ്യം അനുവദിക്കരുതെന്നും സക്കീര്‍ ഹുസൈനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയത്.
കേസില്‍ സക്കീര്‍ ഹുസൈനെ വൈകാതെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നേരത്തെ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിരുന്ന ഇയാള്‍ പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കേസ് നിലവിലുളളത്.
വെണ്ണലയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ജൂബിയും മറ്റൊരാളുമായുളള സാമ്പത്തിക തര്‍ക്കത്തില്‍ സക്കീര്‍ ഹുസൈന്‍ ഇടപെടുകയായിരുന്നു. ഇതുള്‍പ്പെടെ 16 കേസുകളില്‍ സക്കീര്‍ ഹുസൈന്‍ പ്രതിയാണെന്നും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പതിനാറ് കേസുകളില്‍ രാഷ്ട്രീയ കേസുകള്‍ കുറവാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണ്ടാബന്ധം എന്തിനെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചോദിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ സ്വാധീനമുളള പ്രതിക്ക് മുന്‍കൂര്‍ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തനിക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ താന്‍ തട്ടികൊണ്ടുപോയതായി പറയുന്നില്ലന്നും രണ്ടുകൂട്ടരുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സക്കീര്‍ ഹുസൈന്റെ വാദം.
സിപിഎം കളമശേരി ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്നു സക്കീര്‍ ഹുസൈന്‍. കേസ് വിവാദമായതിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് സക്കീര്‍ ഹുസൈനെ ചുമതലയില്‍ നിന്ന് തല്‍ക്കാലത്തേക്ക് നീക്കാന്‍ തീരുമാനിച്ചത്.