കൊച്ചി: ഗുണ്ടാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവിന് കുസാറ്റ് കലോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനം. ഗുണ്ടാ വിരുദ്ധ സ്വാകാഡിന്റെ പിടിയിലായ കൊച്ചിയിലെ ആദ്യ പ്രതിയാണ് സിപിഎം ഏരിയ്യാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. മാര്‍ച്ച് 14 മുതല്‍ 18 വരെ നടക്കുന്ന കലോത്സവ നടത്തിപ്പിന്റെ ചുമതലയാണ് സക്കീര്‍ ഹുസൈന് എസ് എഫ് ഐ നേതൃത്വത്തിലുള്ള ഭരണസമിതി ഏല്‍പ്പിച്ചിരിക്കുന്നത്.
വിവിധ കോളേജുകളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനം സക്കീറിന് നല്‍കിയതില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സലറടക്കം അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും കടുത്ത എതിര്‍പ്പുമായെത്തി.യൂണിയനോട് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ഒരു വിഭാഗം അദ്ധ്യാപകരും ജീവനക്കാരും പറഞ്ഞു.
കുസാറ്റില്‍ എസ്എഫ്ഐ നടത്തുന്ന പല അതിക്രമങ്ങള്‍ക്കും പുറമെ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ക്യാമ്പസിനകത്ത് കയറി സിഐടിയു, സിപിഎം പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിട്ടുണ്ട്. എസ്എഫ്ഐയുടെ ക്രിമിനല്‍ ബന്ധത്തിന് തെളിവാണ് സക്കീറിന് നല്‍കിയ ഈ ചെയര്‍മാന്‍ സ്ഥാനം.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 30 ദിവസം റിമാന്റിലായിരുന്ന സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതല്ലാതെ പിന്നീട് പാര്‍ട്ടി നടപടികളൊന്നും ഉണ്ടായില്ല. പാര്‍ട്ടി വേദികളില്‍ സജീവമാകാന്‍ കഠിന ശ്രമത്തിലാണ് സക്കീര്‍. സക്കീര്‍ ഹൂസൈന് പാര്‍ട്ടി ,മുന്നണി വേദികളില്‍ സ്വീകരണം നല്‍കിയും ഗുണ്ടാ പ്രതിച്ഛായ മാറ്റിയെടുക്കാന്‍ നീക്കം നടന്നിരുന്നു.