ന്യൂഡല്‍ഹി: മുസ്ലീം മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും തന്റെ പ്രഭാഷണങ്ങളിലൂടെ മുസ്ലീം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ രാജ്യത്ത് നില നില്‍ക്കുന്നത്. ബംഗ്ലാദേശിലെ ധാക്കയിലെ കഫേയിലുണ്ടായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരര്‍ സക്കീറിന്റെ പ്രഭാഷണങ്ങളില്‍ പ്രചോദരായിരുന്നു എന്ന് തെളിഞ്ഞിരുന്നു.
ഇതിനു പുറമെ ഹൈദരാബാദില്‍ അറസ്റ്റിലായ ഐഎസ് അനുഭാവികളായ യുവാക്കളെയും ഭീകരതയിലേക്ക് ആകര്‍ഷിച്ചത് സക്കീറിന്റെ പ്രസംഗങ്ങളായിരുന്നു എന്ന് എന്‍ഐഎ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സക്കീറിന്റെ പീസ് ടിവിയും ഇസ്ലാമിക് പീസ് റിസര്‍ച്ച് ഫൗണ്ടേന്‍ തുടങ്ങിയവയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ സക്കീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനുമാണ് എന്‍ഐഎ തീരുമാനം. നിലവില്‍ സക്കീര്‍ നായിക്ക് സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതുന്നു