സഖാവ് സിപിഎം നിയന്ത്രണത്തിൽ; ഡിവൈഎഫ്‌ഐ ‘ബ്ലാക്കിൽ’ വിറ്റത് അരലക്ഷം ടിക്കറ്റുകൾ: സിപിഎം തീയറ്ററുകൾ പിടിച്ചെടുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിവിൻപോളി നായകനായ സിദ്ധാർഥ് ശിവ ചിത്രം സഖാവ് സിപിഎം പിടിച്ചെടുക്കുന്നു. സിപിഎമ്മിന്റെ സ്വാധീന മേഖലകളിൽ തീയറ്ററുകളുടെ നിയന്ത്രണം സിപിഎമ്മും ഡിവൈഎഫ്‌ഐയും പിടിച്ചെടുക്കുന്നതിനൊപ്പം ടിക്കറ്റുകൾ ബ്ലാക്കിൽ വിറ്റഴിക്കുന്നതും സിപിഎം – ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ നേരിട്ട് ഇടപെട്ടാണ്. ഇതോടെ സിനിമയുടെ പ്രമോഷൻ അടക്കം ഏറ്റെടുത്ത സിപിഎം – ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ വ്യപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
കൊല്ലം ശക്തികുളങ്ങര കപ്പിത്താൻസ് തീയേറ്ററിലെ ആദ്യ പ്രദർശനത്തിന് അരലക്ഷം രൂപയുടെ ടിക്കെറ്റുകൾ വാങ്ങി, ഇവ ബ്ലാക്കാൽ വിറ്റഴിച്ചത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയാണ്. തീയറ്റർ കൗണ്ടറിലൂടെയല്ലാതെ ടിക്കറ്റുകൾ വിറ്റഴിക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി തന്നെ ടിക്കറ്റുകൾ വാങ്ങി ഇവ വിറ്റഴിക്കാൻ കൂട്ടു നിന്നത്. സിപിഐഎം അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി വി കെ അനിരുദ്ധൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി രാജ്കുമാർ, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ രാജേഷ്, മേഖലാ സെക്രട്ടറി അജിത് സുശീൽ എന്നിവരുടെ നേതൃത്വത്തിലാണ് ടിക്കെറ്റ് വില്പനയും സിനിമാ പ്രമോഷനും നടന്നത്.
ശക്തികുളങ്ങര കപ്പിത്താൻസ് തീയേറ്ററിലെ ഉത്ഘാടനപ്രദർശനത്തിന്റെ അരലക്ഷം രൂപ വിലവരുന്ന ടിക്കറ്റുകൾ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി വാങ്ങുകയും സമൂഹമാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം നടത്തി വില്പനനടത്തുകയുമായിരുന്നു. ‘വെള്ളിത്തിരയിലെ വിപ്ലവനക്ഷത്രത്തെ ഒരുമിച്ചറിയാം’ എന്നതായിരുന്നു പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം. പുതുയൗവനം പുരോഗമനത്തിനും കമ്മ്യൂണിസത്തിനും എതിരെ പുറം തിരിഞ്ഞ് നിൽക്കുന്നെന്ന പ്രചാരണത്തിനെതിരെ ശബ്ദമുയർത്തുകയായിരുന്നു ലക്ഷ്യമെന്ന് പരിപാടിയുടെ സംഘാടകർ പറയുന്നു. നേരത്തെ ഇടതുപക്ഷ മുദ്രാവാക്യങ്ങളും എസ്എഫ്‌ഐ കാഴ്ചകളുമൊരുക്കി തീയേറ്ററിലെത്തിയ ‘ഒരു മെക്‌സിക്കൻ അപാരത’ കടുത്ത ഇടതു വിരുദ്ധ സിനിമയാണെന്ന് ആക്ഷേപമുയർന്നിരുന്നു. ആ സാഹചര്യത്തിൽ ‘സഖാവ്’ സിനിമ റിലീസ് ചെയ്യും മുമ്പേയാണ് പാർട്ടി നേതാക്കൾ സിനിമയുടെ പ്രചാരണ പരിപാടികളുമായി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സിപിഎമ്മും, ഡിവൈഎഫ്‌ഐയും ഇത്തരത്തിൽ തീയറ്ററുകൾക്കു മുന്നിൽ ഫ്‌ളക്‌സും പോസ്റ്ററും നിരത്തിയാണ് സഖാവ് സിനിമയെ സ്വീകരിച്ചത്. പല സ്ഥലത്തും ടിക്കറ്റ് വിൽപനയുടെ നിയന്ത്രണംആദ്യ ദിവസം സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾ തന്നെ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാ്ണ് ഇപ്പോൾ സഖാവിന്റെ ടിക്കറ്റുകൾ ഡിവൈഎഫ്‌ഐ നേതാക്കൾ ബ്ലാക്കിൽ വിറ്റെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top