ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആള്‍ദൈവം റാം റഹീമിന് പൂര്‍ണ പിന്തുണയുമായി ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ് രംഗത്ത്.
കലാപത്തിന് ഉത്തരവാദി കോടതിയാണെന്നും റാം റഹീം കുറ്റക്കാരനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാക്ഷി മഹാരാജ് രംഗത്തെത്തിയത്.
വളരെ ദയാലുവായ വ്യക്തിയാണ് റാം റഹീം. ഇത്തരമൊരു ആള്‍ക്കെതിരെ എങ്ങിനെ കുറ്റം ചുമത്തും. റാം റഹീമിനെ ദൈവതുല്യം കാണുന്ന കോടിക്കണക്കിന് ആള്‍ക്കാരുടെ ഭാഗത്താണോ മാനഭംഗത്തിന് കേസു കൊടുത്ത പെണ്‍കുട്ടിയുടെ ഭാഗത്താണോ ശരി.
റാം റഹീമിനെ പോലുള്ള മാന്യനായ വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റാം റഹീമിനെതിരായ കോടതിവിധി.
വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു കാരണക്കാര്‍ വിധി പുറപ്പെടുവിച്ച കോടതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെയാണ് ആള്‍ ദൈവത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയിരിക്കുന്നത്.