ഒളിമ്പിക് മെഡല്‍ നേടിയതിന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ 58 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി വെങ്കലം നേടിയാണ് രാജ്യത്തിന്റെ അഭിമാനം കാത്തത്. എന്നാല്‍ അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. ഇരുപത്തിനാലുകാരിയായ സാക്ഷി ട്വിറ്ററിലൂടെയാണ് ഹരിയാന സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് മുഖ്യമന്ത്രി.
വന്‍ പ്രതീക്ഷയുമായി ഒളിംപിക്‌സിന് പോയ ഇന്ത്യ മെഡല്‍ നേട്ടത്തില്‍ പിന്നോക്കം പോയപ്പോള്‍ മാനം കാത്തത് ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി ഉള്‍പ്പെടെയുള്ള താരങ്ങളാണ്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും താരങ്ങളുടെ മാതൃസംസ്ഥാനങ്ങളും ഇവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഹരിയാന സര്‍ക്കാര്‍ തനിക്കു വാഗ്ദാനം ചെയ്ത സമ്മാനങ്ങളൊന്നും ഇനിയും നല്‍കിയിട്ടില്ലെന്നാണ് സാക്ഷിയുടെ ആരോപണം.
രാജ്യത്തിനായി ഒളിംപിക് മെഡല്‍ നേടുമെന്ന വാഗ്ദാനം ഞാന്‍ പാലിച്ചു. ഹരിയാന സര്‍ക്കാര്‍ എന്നാണ് അവരുടെ വാഗ്ദാനം പാലിക്കുക? – സാക്ഷി കുറിച്ചു. ഒളിംപിക് മെഡല്‍ നേട്ടത്തിനു പിന്നാലെ തനിക്ക് ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ക്കു വേണ്ടി മാത്രമായിരുന്നോ എന്നും സാക്ഷി ചോദിച്ചു.
ഒളിംപിക് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നിലയില്‍ ചരിത്രം കുറിച്ച സാക്ഷിക്ക്, 3.5 കോടി രൂപയോളം വിലവരുന്ന സമ്മാനങ്ങളാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തുനിന്നും മെഡല്‍ നേടുന്നവര്‍ക്ക് സ്വര്‍ണത്തിന് ആറു കോടി രൂപ, വെള്ളിക്ക് 4 കോടി, വെങ്കലത്തിന് 2.5 കോടി രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കുമെന്നും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.