ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിലവില്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്ന ശിപാര്‍ശ പ്രകാരം പ്രതിമാസം 2.80 ലക്ഷം രൂപയായിരിക്കും എം.പിമാര്‍ക്ക് ലഭിക്കുക. അടിസ്ഥാന പെന്‍ഷന്‍ തുക 20,000ല്‍ നിന്ന് 35,000 രൂപയായി ഉയര്‍ത്തണമെന്നും അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച ജോയിന്റ് കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശയില്‍ പറയുന്നു.
എം.പിമാരുടെ ശമ്പളം നിലവിലെ 50,000ല്‍ നിന്ന് ഒരു ലക്ഷം രൂപയായും മണ്ഡല അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയായും ഓഫീസ് അലവന്‍സ് 45,000 രൂപയില്‍ നിന്ന് 90,000 രൂപയായും ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. അടിസ്ഥാന പെന്‍ഷന്‍ തുകയ്‌ക്കൊപ്പം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്തവര്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന അധിക തുക 1,500 രൂപയില്‍ നിന്ന് 2,000 ആയി ഉയര്‍ത്തണമെന്നും ശിപാര്‍ശയില്‍ പറയുന്നു. ശിപാര്‍ശ ധനമന്ത്രാലയം അംഗീകരിച്ചാല്‍ ഇതരുസംബന്ധിച്ച ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഇതിനു പുറമേ അംഗങ്ങളുടെ കാര്‍ വായ്പ, ഗാര്‍ഹികോപകരണ വായ്പ പരിധിയും ഉയര്‍ത്തിയേക്കും. കഴിഞ്ഞ ബജറ്റില്‍ അംഗങ്ങളുടെ യാത്രബത്തയക്കമുള്ള ചെലവുകള്‍ക്ക് ലോക്‌സഭയ്ക്ക് 295.25 കോടിയും രാജ്യസഭയ്ക്ക് 121.96 കോടിയും ധനമന്ത്രാലയം അനുവദിച്ചിരുന്നു.
അതേസമയം, ജോയിന്റ് കമ്മിറ്റിയുടെ ചില ശിപാര്‍ശകള്‍ ധനമന്ത്രാലയം തള്ളിക്കളയാനാണ് സാധ്യത. അംഗങ്ങളുടെയും മുന്‍ അംഗങ്ങളുടെയും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശകളാണ് നിരസിക്കപ്പെടുക. അംഗങ്ങള്‍ക്ക് ഭവന വായ്പ അനുവദിക്കുക, എല്ലാ മണ്ഡലങ്ങളിലും സ്‌പെഷ്യല്‍ ഗസ്റ്റ് ഹൗസുകളും ഹൗസിംഗ് സൊസൈറ്റികളും നല്‍കുക, ടോള്‍ പ്ലാസകളില്‍ ഇളവ് നല്‍കുക, പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന ദിവസങ്ങളിലെ അലവന്‍സ് 2000 രൂപയില്‍ നിന്ന് 4000 ആയി ഉയര്‍ത്തുക തുടങ്ങിയവയാണ് നിരസിക്കപ്പെടാന്‍ സാധ്യത. ബി.ജെ.പി എം.പി യോഗി ആദിത്യാനന്ദ അധ്യക്ഷനായ ജോയിന്റ് കമ്മിറ്റിയാണ് ഈ ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.