തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ ഇന്നും രാജ്യം കടുത്ത അരാജകത്വത്തിലേയ്ക്ക് നിങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മുതല്‍ ശമ്പളവും പെന്‍ഷനും പിന്‍വലിക്കാനുള്ള നെട്ടോട്ടമാണ് രാജ്യമുഴുവന്‍ കണ്ടത്. സംസ്ഥാനത്ത് ഇന്നും ശമ്പള വിതരണം കടുത്ത പ്രതിസന്ധിയിലേക്ക്. ട്രഷറികളില്‍ ഇന്നലെ മിച്ചമുണ്ടായത് 12 കോടി രൂപമാത്രമാണ്.
ശമ്പളവും പെന്‍ഷനുമായി ഇന്ന് വിതരണം ചെയ്യാന്‍ വേണ്ട തുക 300 കോടി രൂപയിലേറെ വരും. 4.35 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കേണ്ടത്. ഇതില്‍ ഇന്നലെ പെന്‍ഷന്‍ വാങ്ങാനെത്തിയത് 59,000 പേര്‍ മാത്രമാണ്. ഇന്നും വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ എത്തുമ്പോള്‍ എങ്ങനെ പണം നല്‍കുമെന്നതില്‍ സംസ്ഥാന സര്‍ക്കാറിനും ട്രഷറികള്‍ക്കും വ്യക്തതയില്ല. റിസര്‍വ് ബാങ്കില്‍നിന്ന് പ്രശ്നപരിഹാരത്തിനുള്ള അടിയന്തര നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
ട്രഷറികള്‍ ഇന്നലെ 167 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 111 കോടി രൂപമാത്രമാണ് ബാങ്കുകള്‍ ട്രഷറികള്‍ക്ക് നല്‍കിയത്. ഇതുകൊണ്ട് ശമ്പളത്തിനും പെന്‍ഷനും വന്നവരെ തൃപ്തിപ്പെടുത്താനായില്ല. 24000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ തുകപോലും നല്‍കാന്‍ ട്രഷറികള്‍ക്കായില്ല. പല ട്രഷറികളും 4000, 5000 വീതമാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വ്യക്തമാക്കിയ 24000 കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും പണമുണ്ടാകില്ലെന്ന ഭയത്താല്‍ ട്രഷറി ഉദ്യോഗസ്ഥര്‍ പണം കുറച്ച് നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
നാട്ടിന്‍ പുറങ്ങളിലെ ട്രഷറികളിലാണ് ഇന്നലെ ഒട്ടും പണമെത്താഞ്ഞത്. ഇന്നലെ ഉച്ചവരെ 42 ട്രഷറികില്‍ തീരെ പണമെത്തിയിരുന്നില്ല. വൈകുന്നേരത്തോടെ കുറച്ച് ട്രഷറികളില്‍ കൂടി പണം എത്തി. എന്നാല്‍ 12 ട്രഷറികില്‍ പണം തീരേയെത്തിയില്ല. പലയിടത്തും പുലര്‍ച്ചെ അഞ്ച് മണിമുതല്‍ പണം പിന്‍വലിക്കാന്‍ ആളുകള്‍ ക്യൂ നിന്നെങ്കിലും ടോക്കണ്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു. ഈ ട്രഷറികളിലെല്ലാം ഇന്ന് പണമെത്തുമോ എന്നും ഉറപ്പില്ല.