![](https://dailyindianherald.com/wp-content/uploads/2016/04/congress-salkumar.png)
പറവൂര്‍: നടന് സലിംകുമാറിന്റെ വീട്ടില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും കാരായി രാജനും നടന് സുബീഷ്, സംവിധായകന് എം. മോഹനന് എന്നിവരടക്കമുള്ളവര്‍ സൗഹൃദ സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസിനുവേണ്ടി പരസ്യ നിലപാടെടുക്കുന്ന സലീംകുമാറിന്റെ വീട്ടില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ നേതാക്കളെത്തിയത് കൗതുകമായി.
എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെ നെഗറ്റീവായി കാണാത്ത പോസിറ്റീവ് രാഷ്ട്രീയമാണ് തനിക്കുള്ളതെന്ന് തന്റെ ലാഫിംഗ് വില്ലയിലിരുന്ന് സ്വതസിദ്ധമായ ശൈലിയില്‍ സലിംകുമാര്‍ പറഞ്ഞു.
അന്തരീക്ഷത്തിലെ കടുത്ത ചൂട് പോലെ ചൂടുപിടിച്ചിട്ടുള്ള രാഷ്ട്രീയസാഹചര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സംഘത്തിന്റെ സന്ദര്‍ശനം കൗതുകമായി. ജില്ലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിലാണ് പി. ജയരാജനും കാരായി രാജനും മറ്റുള്ളവരും സലിംകുമാറിനെ കാണാനെത്തിയത്. ജയരാജന് വളരെ നേരത്തെതന്നെ സലിംകുമാറിന്റെ വീട്ടില്‍ വരുന്നകാര്യം വിളിച്ചു പറഞ്ഞിരുന്നു. വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വീഡിയോ ഷൂട്ടിംഗിന്റെ തിരക്കിലായിരുന്നു സലിംകുമാറെങ്കിലും ജയരാജനെ സ്വീകരിക്കാന്‍ നേരത്തെതന്നെ വീട്ടിലെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ജയരാജനും സംഘവും ലാഫിംഗ് വില്ലയിലെത്തി. വ്യക്തിപരമായ സൗഹൃദം മാത്രമാണ് സന്ദര്‍ശന ലക്ഷ്യമെന്ന് ജയരാജന് പറഞ്ഞു.
ജഗതി ശ്രീകുമാറിനെ ഇഷ്ടപ്പെടുന്നതുപോലെ സലിംകുമാറിനേയും താന്‍ ഇഷ്ടപ്പെടുന്നുണ്ട്. രാഷ്ട്രീയരംഗത്തെ തിരക്കിനിടയിലും സിനിമയിലെ കോമഡി രംഗങ്ങള്‍ മനസിന് സന്തോഷം നല്കുന്ന കാര്യമാണ്. അപകടം പറ്റിയിരിക്കുമ്പോള്‍ ജഗതിയുടെ വീട്ടിലും പോയിട്ടുണ്ട്. രാഷ്ട്രീയമേതായാലും കലയിലും കലാകാരന്മാരിലും പരസ്പരം വിശ്വാസവും സൗഹൃദവുമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസങ്ങളുമുണ്ടെന്ന് ജയരാജന് പറഞ്ഞു.
വരാപ്പുഴയിലെ സെന്റ് ജോസഫ്സ് ദേവാലയ വികാരിയേും ആലുവ അദ്വൈതാശ്രമത്തില്‍ സ്വാമി ശിവസ്വരൂപാനന്ദയേയും സന്ദര്‍ശിച്ച ശേഷമാണ് ജയരാജന് സലിംകുമാറിന്റെ വീട്ടിലെത്തിയത്. സലിംകുമാറിന്റെ ഭാര്യ സുനിത അതിഥികള്‍ക്ക് ജ്യൂസ് നല്കി സ്വീകരിച്ചു. സലിംകുമാറിന്റെ കല്യാണ ആല്‍ബവും ജയരാജന് കണ്ടു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തനിക്ക് രാഷ്ട്രീയ തീവ്രതയില്ലെന്ന് സലിംകുമാര്‍ പറഞ്ഞു. തന്റെ സന്ദര്‍ശനത്തില്‍ ഒട്ടും രാഷ്ട്രീയമില്ലെന്ന് ജയരാജനും വ്യക്തമാക്കി. ജയരാജന്റെ ചില കാര്യങ്ങള്‍ തന്നെ ആകര്‍ഷിച്ചതായി സലിംകുമാര്‍ അഭിപ്രായപ്പെട്ടു. ഇത് മുഖസ്തുതിയല്ലെന്നും മക്കളെ പാര്‍ട്ടിക്കുവേണ്ടി ചുവരെഴുത്താന് വിട്ടയാളാണ് ജയരാജനെന്നും സലിംകുമാര്‍ പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയനേട്ടവും ഉണ്ടാക്കാന്‍ ഉദ്ദേശമില്ലെന്നും സലിംകുമാര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ആരേയും അത്ര വിളിക്കാറില്ല. മറുപക്ഷം തന്റെ ശത്രുക്കളുമല്ല. എം.എ. ബേബി, മുല്ലക്കര രത്നാകരന് എന്നിവരെല്ലാം തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. കേന്ദ്രമന്ത്രിമാരില്‍ കെ.സി. വേണുഗോപാല്‍ മാത്രമാണ് വന്നിട്ടുള്ളത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ. പണ്ട് കാലത്ത് സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കുമ്പോള്‍ തന്റെ വീടിനു മുന്നിലൂടെ പ്രകടനമായെത്തുന്നവര് ശബ്ദംകൂട്ടി മുദ്രാവാക്യം വിളിച്ച് പടക്കം പൊട്ടിച്ച് കളിയാക്കുന്നത് പതിവായിരുന്നു. ജയരാജനും സംഘവും സലിംകുമാറിന്റെ വീട്ടില്‍നിന്ന് ഉച്ചയൂണും കഴിഞ്ഞാണ് മടങ്ങിയത്. സലിംകുമാര്‍ ഉടനെ സതീശന്റെ പ്രചരണ ഫിലിം ഷൂട്ടിംഗിനും പോയി.