തന്‍റെ ഷോയില്‍ നിന്ന് ബിപാഷാ ബസുവിന്‍റെ ‘വള്‍ഗര്‍’ പരസ്യം മാറ്റണമെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ ഹോസ്റ്റായ ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. വലിയ ജനപിന്തുണ ഉള്ള ഈ പരിപാടിയില്‍ നിന്ന് ബിപാഷാ ബസുവിന്റെയും കരണ്‍ ഗ്രോവറുടെയും അര്‍ദ്ധനഗ്‌ന ഗര്‍ഭനിരോധന ഉറയുടെ പരസ്യം നീക്കം ചെയ്യണമെന്ന് താരം ആവശ്യപ്പെട്ടു. ലൈംഗിക പ്രസരമുള്ള പരസ്യം കുടുംബ പ്രേക്ഷകരെ അസ്വസ്ഥരാക്കുമെന്നാണ് സല്‍മാന്റെ എതിര്‍പ്പിന് കാരണം. ടി.വി ഷോ ബിഗ് ബോസ്സ് കാണുന്ന ചെറിയ കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബ പ്രേക്ഷകരുള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അശ്ലീല പരസ്യങ്ങള്‍ കാണിക്കുന്നത് ശരിയല്ലെന്നും സല്‍മാന്‍ പറയുന്നു. സല്‍മാന്‍ ഖാന്റെ നിര്‍ദ്ദേശം പ്രൊഡക്ഷന്‍ ടീം ഏറ്റെടുക്കുകയും പരസ്യം നീക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥികളുടെ സംസാരം പലപ്പോഴും അതിരുവിടുന്നതാണ്. കഴിഞ്ഞ ദിവസം ലൈംഗികത നിറഞ്ഞ സംസാരത്തിന് മത്സരാര്‍ത്ഥികളായ ബാന്ധ്കി കല്‍റ, പുനീഷ് ശര്‍മ്മ എന്നിവരെ സല്‍മാന്‍ താക്കീത് ചെയ്തിരുന്നു. അതേസമയം ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും അഭിനയിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു പരസ്യത്തിന്റെ സംവിധായകന്‍ പ്രസാദ് നായിക് പറയുന്നത്. പരസ്യ സംബന്ധിയായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ബിപാഷ ബസു സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതിന് കടുത്ത വിമര്‍ശനമാണ് താരം നേരിടേണ്ടി വന്നത്. ലൈംഗികത സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം ഇന്നും ഭ്രഷ്ട് കല്‍പിച്ച് പുറത്ത് നിര്‍ത്തിയിരിക്കുകയാണെന്നാണ് ബിപാഷ ബസുവിന്റെ പ്രതികരണം. ലോക ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യത്താണ് ലൈഗികത, ഗര്‍ഭനിരോധന ഉറ തുടങ്ങിയ വാക്കുകള്‍ക്ക് ഇപ്പോഴും ഭ്രഷ്ട് തുടരുന്ന സാഹചര്യമെന്നും ബിപാഷ ബസു വ്യക്തമാക്കിയത്.

Top