സേറ്റാനിക് വേഴ്‌സസ്…1988 മുതൽ ലോകമെമ്പാടും വിവാദമായ പുസ്തകം. ബ്രിട്ടിഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയെ മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച പുസ്തകം. എന്നാൽ റഷ്ദി ഈ പരമ്പരയിലെ നാലാമൻ മാത്രമാണ്. ഇതിന് മുൻപ് പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിലൊരാൾ ഇന്ന് ജീവനോടെ ഇല്ല !
ഒരു പുസ്തകം മാറ്റി മാറിച്ച ജീവിതമാണ് സൽമാൻ റുഷ്ദിയുടേത്. 1988 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ‘സാത്താനിക് വേഴ്സസ്’എന്ന തന്‍റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ വധഭീഷണികളും വര്‍ഷങ്ങളുടെ ഒളിവ് ജീവിതവുമായിരുന്നു.മത നിന്ദയായിരുന്നു പുസ്തത്തിന് എതിരെ ഉയര്‍ന്ന പ്രധാന ആരോപണം. 1988ല്‍ തന്നെ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു.ഇതിന് പിന്നാലെയാണ് വധഭീഷണി ഉയരുന്നത്. 33 വര്‍ഷത്തെ റുഷ്ദിയുടെ ജീവതവും, അതിജീവനത്തിന്റെയും പലായനത്തിന്റയും ചരിത്രം
1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നിയാണ് സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്.
സേറ്റാനിക് വേഴ്‌സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത് 1991 ലാണ്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു അക്രമകാരികൾ. കൈയിലും മുഖത്തുമായി നിരവധി തവണയാണ് ഹിതോഷിക്ക് കുത്തേറ്റത്. യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
അതേ വർഷം തന്നെയാണ് പുസ്തകത്തിന്റെ ഇറ്റാലിയൻ ട്രാൻസലേറ്ററായ എറ്റോറി കാപ്രിയോളോയ്‌ക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഒരു പുസ്തകം പരിഭാഷപ്പെടുത്തണമെന്ന ആവശ്യവുമായി കാപ്രിയോളോവിനെ സമീപിച്ച അജ്ഞാതനാണ് വീട്ടിലെത്തി അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിച്ചത്. സൽമാൻ റഷ്ദിയുടെ മേൽവിലാസം ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം.
രണ്ട് വർഷത്തേക്ക് പിന്നെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. എല്ലാ കെട്ടടങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയാണ് 1993 ൽ പുസ്തകവുമായി ബന്ധപ്പെട്ട നോർവീജിയൻ പബ്ലിഷർക്കെതിരെയും ആക്രമണമുണ്ടാകുന്നത്.ഇന്ന് 29 വർഷങ്ങൾ പുസ്തകത്തിന്റെ രചയിതാവ് സൽമാൻ റുഷ്ദിക്കെതിരെ തന്നെ ആക്രമണം ഉണ്ടായിരിക്കുകയാണ്. സൽമാൻ റുഷ്ദി കത്തിക്കൊണ്ട് പരുക്കേറ്റ് നിലവിൽ ഗുരുതരാവസ്ഥയിലാണ്.
ജനനവും സാഹിത്യവും 1947 ജൂൺ 19ന് മുംബൈയിലാണ് റുഷ്ദിയുടെ ജനനം. 14 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിലേക്ക്. പിന്നീട് കേംബ്രിജിലെ കിങ്സ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടീഷ് പൗരനായി. ആദ്യ പുസ്തകം ഗ്രിമസ് കാര്യമായി വായനക്കാർ സ്വീകരിച്ചില്ല. അഞ്ചാണ്ടിനു ശേഷമാണ് 1981ലെ ബുക്കർ പ്രൈസ് നേടിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ വായനക്കാരിലെത്തുന്നത്. മാജിക്കൽ റിയലിസവും ചരിത്രവും കാൽപനികതയുമാണ് മിക്ക കൃതികളുടെയും ഇതിവൃത്തം. എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡമാണ്. എങ്കിലും, അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.