കൊച്ചി :കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ ചോദ്യം ചെയ്തു. വിദേശത്ത് നാദിര്‍ഷയും ദിലീപും ചേര്‍ന്ന് നടത്തിയ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട ചില വിവിരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. ഇക്കാര്യങ്ങള്‍ സമദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് സൂചന. നാദിര്‍ഷയുടെ സുഹൃത്തായ സഹീര്‍ മിന്നലെയെയും പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയാണ് സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും എന്നിവരാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.
അതേസമയം സംഭവത്തില്‍ ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദിലീപിന്റെ താരഷോകളില്‍ പങ്കെടുത്ത പലരേയും വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. രണ്ട് കുറ്റപത്രങ്ങളില്‍ ഒരുമിച്ച് വിചാരണ നടത്തലാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യത്തെളിവുകള്‍ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. പര്യാപ്തമായ തെളിവുകള്‍ ലഭിച്ചു. മൊബൈലിനായി തെരച്ചില്‍ തുടരുകയാണ്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ച് ജാമ്യം തടയുകയാണ് പൊലീസിന്റെ ലക്ഷ്യം. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് വകുപ്പുകള്‍.
തെളിവു നശിപ്പിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പും ദിലീപിനെതിരെയുണ്ട്. ഇരുപതു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. കേസില്‍ ദിലീപിന്റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും അവസാനഘട്ടത്തിലാണെന്ന് പൊലീസ് പറയുന്നു.
മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞുവെന്ന പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോള്‍ അന്വേഷണം എത്തിനില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ പള്‍സര്‍ സുനി, നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്ത ചാള്‍സ് ആന്റണി എന്നിവരായിരുന്നു പ്രതികള്‍. അനുബന്ധ കുറ്റപത്രത്തില്‍ ജയിലില്‍ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, ഫോണ്‍ കടത്തിയ വിഷ്ണു, കത്തെഴുതി നല്‍കിയ വിപിന്‍ ലാല്‍, ദിലീപ്, തെളിവ് നശിപ്പിച്ച പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാകും പ്രതികള്‍.
അതേസമയം കേസില്‍ രണ്ട് അറസ്റ്റിനുകൂടി സാധ്യതയുണ്ടെന്നാണ് വിവരം. കേസ് അവസാനഘട്ടത്തിലാണെന്നാണ് സൂചന.പ്രതിയായ നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.