ജോമോന്‍ വര്‍ഗ്ഗീസ് പള്ളിപ്പാട്ട്
ആഗോള കത്തോലിക്കാസഭ സ്വവര്‍ഗ്ഗാനുരാഗികളെ നാളിതുവരെ സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയതിനു സഭ ലോകത്തോട് മാപ്പ് പറയണമെന്ന് മാര്‍പാപ്പ പറയുമ്പോള്‍ അതു കഴിഞ്ഞ കത്തോലിക്കാസഭയുടെ അസാധാരണ സിനഡില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടുവന്നതും എന്നാല്‍ സഭ തള്ളികളഞ്ഞതുമായ ചില സംഗതികള്‍ ഒരിക്കല്‍ കൂടി പൊടി തട്ടിയെടുത്തു പൊതുസമൂഹത്തോട് പറയുന്നു എന്നതിനപ്പുറം ലോകം ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയത്തെ ഒരിക്കല്‍ കൂടി സജീവമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്, കാരണം യാഥാസ്ഥിക വാദം ശക്തമായ കത്തോലിക്കാസഭ ലോകത്തോട് മാപ്പു പറയാന്‍ തക്കതായ വിഷയമാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന് കരുതുകയില്ല എന്നത് തന്നെ.ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന കത്തോലിക്കാസഭയുള്‍പ്പടെ വിവിധ ക്രിസ്തീയവിശ്വാസ സമൂഹങ്ങളുടെ മതഗ്രന്ഥമായ ബൈബിള്‍ പ്രകാരം പ്രപഞ്ചസൃഷ്ട്ടിക്കു ശേഷം ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണു…
“അങ്ങനെ ദൈവം തന്‍റെ ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.ദൈവത്തിന്‍റെ ചായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു;സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു:സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍.ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടക്കുവിന്‍.”(ഉല്‍പത്തി 1:27-28)പ്രശ്നം ദൈവം മനുഷ്യനെ സൃഷ്ടിച്ചോ അതോ മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചതാണോ എന്നതോ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നതോ ഒന്നുമല്ല.മറിച്ച് മനുഷ്യന് സ്വവര്‍ഗ്ഗാനുരാഗികളായോ സ്വവര്‍ഗ്ഗവിവാഹം ചെയ്തു ജീവിക്കാനോ ബിബ്ലിക്കലായി അനുവാദം ഉണ്ടോ എന്നതാണ്.
ഇല്ലെന്നു തന്നെ പറയേണ്ടി വരും കാരണം ബൈബിള്‍ പ്രകാരം ഏറ്റവും ക്രൂരമായ ദൈവകോപത്തിനു രണ്ടു നഗരങ്ങള്‍ ഇരയാക്കപ്പെട്ടതിനു കാരണം ഒന്നേയുള്ളൂ സ്വവര്‍ഗ്ഗാനുരാഗം.പഴയ നിയമത്തില്‍ പറയുന്ന സോദോം-ഗോമോറ നഗരങ്ങളെ പറ്റി പറയുന്നതിങ്ങനെയാണ്.
“ജോര്‍ദ്ദാന്‍ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലോത്ത് കണ്ടു. അതു കര്‍ത്താവിന്റെ തോട്ടം പോലെയും സോവാറിനു നേരെയുള്ള ഈജിപ്തിലെ മണ്ണുപോലെയുമായിരുന്നു. സോദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥയായിരുന്നു അത്”(ഉല്‍പത്തി:13;10 ).ഈ നഗരങ്ങളെ ദൈവം അഗ്നിയും ഗന്ധകവുമിറക്കി ഒരു പുല്‍ചെടി പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ചു എന്നു (ഉല്‍പത്തി:19;25)പറയുന്നു.
എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആയ മനുഷ്യരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തെണ്ടതുണ്ടോ?അവരും അതാതു രാജ്യങ്ങളിലെ പൗരന്മാരും അതിലുപരി മനുഷ്യരും സഹജീവികളും അല്ലേ?അവര്‍ക്കും സമൂഹത്തില്‍ സ്വതന്ത്രമായി തന്നെ ജീവിക്കാന്‍ അവകാശമില്ലേ?ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിഷയം ഉന്നയിക്കുന്നതിനു മുന്നേ തന്നെ ചുരുക്കം ചില രാജ്യങ്ങളെങ്കിലും സ്വവര്‍ഗ്ഗാനുരാഗത്തെയും എന്തിനു സ്വവര്‍ഗ്ഗവിവാഹത്തെ പോലും നിയമപരമായി അംഗീകരിച്ചിട്ടുണ്ട്. ഹോളണ്ട്, ബെല്‍ജിയം , സ്പെയിന്‍ , കാനഡ , പോര്‍ച്ചുഗല്‍, സ്വീഡന്‍, നോര്‍വേ, ഐസ് ലാന്‍റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. ഈ അടുത്തകാലത്ത് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കിയ രാജ്യമാണ് അര്‍ജന്റീന.
അര്‍ജന്റീനക്കാരനായ പഴയ കര്‍ധിനാള്‍ ബര്ഗോളിയോ ഇന്നത്തെ ഫ്രാന്‍സിസ് പാപ്പയകുമ്പോള്‍ സ്വന്തം രാജ്യത്തെയുള്‍പ്പടെ ലോകത്തെ വലിയ മനുഷ്യാവകാശ പ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലതാനും. അമേരിക്കന്‍ ഐക്യനാടുകളിലെ ചിലയിടങ്ങളില്‍ സ്വവര്‍ഗ്ഗരതിക്ക് നിയമപരമായ അംഗീകാരം ഉണ്ട്. ഇന്ത്യാ രാജ്യത്ത് സ്വവര്ഗ്ഗനുരാഗികള്‍ക്കുംഭിന്നലിംഗക്കാര്‍ക്കും മറ്റും സാധാരണ മനുഷ്യരേ പോലെ തുല്യനീതി ഉറപ്പാക്കാനും അവര്‍ക്കും പൊതുഇടങ്ങളിലും സമൂഹമധ്യത്തിലും ഒക്കെ യഥേഷ്ടം ഭയലെശമെന്യേ വന്നുപോകുവാനും,ഒറ്റപ്പെടുത്തി ഒഴിവാക്കിനിര്‍ത്തി അശ്രീകരമായ ജീവിക്കേണ്ട ഗതികേടിനു അറുതിവരുത്തുവാനും വേണ്ടി സ്വവര്‍ഗ്ഗാനുരാഗികളും ചില സാമൂഹ്യ സംഘടനകളും ചേര്‍ന്നു നടത്തിയ കേസുകളും അതിനു ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിച്ച വിധികളും അതിനേ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും നാം കണ്ടതാണ്.എന്നാലിന്ന് സ്വവര്‍ഗ്ഗ വിവാഹത്തെ പോലും നിയമവിധേയമാക്കണമെന്ന വാദവും ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരുന്നു.
ഈ സാഹചര്യത്തിലാണ് ദൈവസൃഷ്ടിയേ കുറിച്ചും മാനുഷികനീതിയേ കുറിച്ചും ചിന്തിച്ചു പോകുന്നത്.മാനുഷിക നീതിക്ക് ദൈവീകസൃഷ്ടിയുടെ നിയമാവലിയെ തകര്‍ത്തെറിയാന്‍ കഴിഞ്ഞാല്‍,കത്തോലിക്കാ സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്‍റെ അടിത്തറ ഇളക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.എങ്കില്‍ ഫ്രാന്‍സിസ് പാപ്പ ലോകത്തോട് മാപ്പുപറയുകയും ചെയ്യും അതു കൊണ്ട് തന്നെ ഈ സാഹചര്യത്തെ നേരിടാന്‍ സഭ സാധ്യമായതെല്ലാം ചെയ്യുമെന്നുറപ്പാണ്.സ്വവര്‍ഗ്ഗ വിവാഹം വേണമോ വേണ്ടയോ എന്നു തര്‍ക്കിക്കുന്നതിനു മുന്‍പേ എന്താണ് സ്വവര്ഗ്ഗനുരാഗമെന്നു ചിന്തിക്കെണ്ടിയിരിക്കിന്നു.പുരുഷന്‍ പുരുഷനെയും,സ്ത്രീ സ്ത്രീയെയും പ്രണയിക്കുന്നതിനെയും,ലൈന്ഗീകതയില്‍ ഏര്‍പ്പെടുന്നതിനെയും സ്വവര്‍ഗ്ഗാനുരാഗമെന്നു ലളിതമായി പറയാം. പരസ്പരം പ്രണയിക്കുന്ന പുരുഷന്മാരെ “ഗേ’എന്നും സ്ത്രീകളേ “ലെസ്ബിയന്‍”എന്നും തരം തിരിച്ചിരിക്കുന്നു. സാധാരണയായി ഇത്തരം പ്രണയത്തെയും ലൈന്ഗീകതയെയും പ്രകൃതി വിരുദ്ധമായാണ്സമൂഹം കാണുന്നത്.എന്നാല്‍ പരസ്പര ബഹുമാനത്തോടും സമ്മതത്തോടും നടത്തപ്പെടുന്ന ഇത്തരം ലൈന്ഗീകതയെ എന്തിനു പ്രകൃതിവിരുദ്ധം എന്നു പറഞ്ഞു തടയണം,എന്തിനത്തരം ആളുകളുടെ മൃദുല വികാരങ്ങളെ അവഗണിക്കണം എന്നു ചിന്തിക്കുമ്പോളാണ് ദൈവവും സൃഷ്ടിയുമൊക്കെ കടന്നു വരുന്നത്. ബൈബിള്‍ പ്രകാരം സോദോം നഗരത്തിന്‍റെ നാശത്തിനു കാരണമായ ദൈവകോപത്തിനു കാരണമായത് സോദോം നിവാസികളുടെ സ്വവര്‍ഗ്ഗാനുരാഗമാനെന്നു പറയുന്നു(ഉല്‍പത്തി 19:4-5)സ്വവര്‍ഗ്ഗാനുരാഗം തെറ്റാണെന്നും ചെയ്യരുതെന്നും(ന്യായാധിപന്മാര്‍ 19:22) പറയുന്നു.സ്ത്രീയോടെന്നതു പോലെ പുരുഷനോട്കൂടെ നീ ശയിക്കരുത്.അതു മ്ലെച്ചതയാകുന്നു.സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ടു തന്നെത്തന്നെ അശുദ്ധമാക്കരുത്.അതു ലൈംഗീക വൈകൃതമാണ്.(ലേവ്യര്‍:18:22-23)ഒരുവന്‍ സ്ത്രീയോട് കൂടെയെന്ന എന്നപോലെ പുരുഷനോട്കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവര്‍ത്തിയാണ് ചെയ്യുന്നത്.അവരെ വധിക്കണം.അവരുടെ രക്തം അവരുടെ മേല്‍ ആയിരിക്കട്ടെ.(ലേവ്യര്‍ 20:19)അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്ക് പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിലെര്‍പ്പെട്ടു.അതു പോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.തങ്ങളുടെ തെറ്റിനു അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു.(റോമാ 1:26-27)അസന്മാര്‍ഗ്ഗികളും,വിഗ്രഹാരാധകരും,വ്യഭിചാരികളും,സ്വവര്ഗ്ഗഭോഗികളും,കള്ളന്മാരും…ദൈവരാജ്യം അവകാശമാക്കുകയില്ല(1കോറി6:9-10) ഇങ്ങനെ ബൈബിളില്‍ പലഭാഗത്തും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗഭോഗവും നിഷിദ്ധവും പാപവുമായി കണക്കാക്കുന്നത് പോലെ തന്നെ ഇതര മതഗ്രന്ഥങ്ങളിലും ഇതിനേ തെറ്റായും കുറ്റമായും തന്നെയാണ് കാണുന്നത്.
വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായാണ് ഇസ്ലാംമതം സ്വവര്ഗ്ഗനുരാഗത്തെ കാണുന്നത്.കല്ലെറിഞ്ഞു കൊല്ലേണ്ട കുറ്റമായാണ് ഖുര്‍ആന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ കാണുന്നത്.ഖുര്‍ആന്‍ 7:80-84,26:165-166,4:16 തുടങ്ങി, ഹദീസുകളിലും വലിയ കുറ്റമായാണ് സ്വവര്ഗ്ഗനുരാഗത്തെ കാണുന്നത്.അബു ദാവുദ് 4462,4448,ബുഖാരി 72:774 ലിലുമെല്ലാം സ്വവര്ഗ്ഗനുരാഗികളെ വധിക്കണമെന്നു തന്നെയാണ് പറയുന്നത്. ഇങ്ങനെ ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും എല്ലാം സ്വവര്ഗ്ഗനുരാഗത്തെ തിരസ്കരിക്കണമെന്നു പറയുമ്പോള്‍ അത്യന്തം മ്ലേച്ചമായ പാപമായി കാണുമ്പോഴും
“സോദോമിനെയും ഗോമോറയെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു”(യൂദാ:1;7), “മാംസദാഹത്താല്‍ കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടു ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍”(യൂദാ:1;23).
എങ്ങിനെയാണ് ഫ്രാന്സിസ് മാര്‍പാപ്പ മാത്രം സ്വവര്ഗ്ഗനുരാഗികളെ സഭ അകറ്റി നിര്‍ത്തിയതിനു ലോകത്തോട് മാപ്പുപറയണം എന്നു പറയുന്നത്.യഥാര്‍ത്തത്തില്‍ തെറ്റു പറ്റിയത് ബൈബിള്‍ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു വന്ന സഭക്കാണോ? അതോ മഹാ മനുഷ്യസ്നേഹിയായ മര്‍പ്പാപ്പക്കാണോ? അതോ അദ്ദേഹത്തിനു ബൈബിളിലെ ഈ വക കാര്യങ്ങള്‍ അറിയില്ലെന്നുണ്ടോ?
ഇങ്ങനെ വിവിധ മതാടിസ്ഥാനത്തിലും ദൈവീകകല്പനകളുടെ അടിസ്ഥാനത്തിലും സ്വവര്‍ഗ്ഗനുരഗവും സ്വവര്ഗ്ഗഭോഗവും പാപവും കടുത്തശിക്ഷക്ക് കാരണമായ കുറ്റവുമായി കണക്കാക്കുമ്പോഴും മാനുഷികമായ ഒരു പരിഗണന ഇക്കൂട്ടര്‍ അര്‍ഹിക്കുന്നില്ലേ?ആരുടെ കുറ്റം കൊണ്ടാണ് ഒരാള്‍ സ്വവര്ഗ്ഗനുരാഗിയായി മാറുന്നത്.ആരുടെ തെറ്റിന്റെ ഫലമായാണ് ഒരാള്‍ ഹിജടയായി പിറക്കുന്നത്.അങ്ങനെ ജനിച്ചു പോയെന്ന പാപം മൂലം എന്നും എക്കാലവും സമൂഹത്തില്‍ നിന്നുമകന്നു നാട്ടുകാരാലും വീട്ടുകാരാലും ഒറ്റപ്പെട്ടു കാലത്തിന്‍റെ ഇരുളിമയില്‍ തമസ്കരിക്കപ്പെട്ടു മാത്രം ജീവിക്കേണ്ട പടുജന്മങ്ങളാണോ ഇവര്‍.ഇക്കൂട്ടര്‍ക്ക് മനുഷ്യനെന്ന പരിഗണന പാടില്ലേ,ഇക്കൂട്ടര്‍ക്ക് പബ്ലിക്സ്പേസില്‍ ഇടമില്ലേ?സൃഷ്ടിയുടെ നേരത്തു ഈശ്വരന് പറ്റിയ പിഴവിനു ഇവരാണോ ബലിയാടുകളാവേണ്ടത്.മറ്റുള്ളവരെ പോലെ ബഹുമാനിക്കപ്പെടാനും അന്ഗീകരിക്കപ്പെടാനും സ്നേഹിക്കാനും മാന്യമായി ജീവിക്കാനും ഇവര്‍ക്കും അവകാശമില്ലേ.പാപിനിയായ സ്ത്രീയോട് ദൈവപുത്രന് ക്ഷമിക്കാമെങ്കില്‍ കേവലം മനുഷ്യപുത്രന്മാര്‍ക്ക് അവരുടെ സഹജീവികളെ അന്ഗീകരിക്കാന്‍ കഴിയില്ലേ.സ്വവര്‍ഗ്ഗാനുരാഗികള്‍ അല്ലാത്തവര്‍ക്ക് വ്യഭിചരിക്കാം മറ്റെന്തുമാകാം എന്നിട്ട് സമൂഹത്തിന്‍റെ മുഖ്യധാരയില്‍ തന്നെ ജീവിക്കാം ഒരു കുഴപ്പവുമില്ലാതെ അതേസമയം പരസ്പര ബഹുമാനത്തോടും സമ്മതത്തോടും ഒന്നിച്ചു ജീവിക്കാന്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രം അനുമതിയില്ല എന്നു പറയുമ്പോള്‍ അതിലൊരു ശരികേടില്ലേ.കടുത്ത മനുഷ്യാവകാശ ലംഘനമല്ലേ അത്. ഈ ശരികേടിനെ തിരുത്താന്‍ ശ്രമിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പോലും കത്തോലിക്കാസഭയുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ മുട്ടുമടക്കുന്നത് സഭയുടെ അസാമാന്യ സിനഡില്‍ ലോകം കണ്ടതാണ്.അതിനാല്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികളോട് സഭ കാണിച്ച ഭ്രഷ്ടിനു മാര്‍പാപ്പ ലോകത്തോട് മാപ്പു പറയുമോ എന്നു കണ്ടുതന്നെ അറിയണം.സ്വവര്‍ഗ്ഗവിവാഹത്തിനും പ്രണയത്തിനും നിയമ സാധുത കൊടുക്കണമെന്ന പക്ഷമൊന്നും ലേഖകനില്ല മറിച്ചു അവരെയും മനുഷ്യരായി തന്നെ കാണണം മനുഷ്യരെ പോലെ തന്നെ സമൂഹത്തില്‍ അവഗണിക്കപ്പെടാതെ ജീവിക്കാന്‍ അവര്‍ക്കും തീര്‍ച്ചയായും കഴിയണം.മാര്‍പാപ്പ മാപ്പു പറഞ്ഞാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം.