ചെന്നൈ: പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വച്ച് അവരെ കളിയാക്കുന്ന പ്രവണതകളെ ശക്തമായി ചോദ്യം ചെയ്ത് നടി സമീറ റെഡ്ഡി. ബോഡി ഷെയിമിങ് നടത്തുന്ന ട്രോളുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്ന സമീറ പൊട്ടിത്തെറിച്ചത്. നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്. ഒരമ്മയില്‍ നിന്ന് തന്നെ വന്നവരല്ലേ. നിങ്ങളെ പ്രസവിക്കുമ്പോള്‍ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങള്‍ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏര്‍പ്പാടാണെന്നും സമീറ പറഞ്ഞു. 2015ലാണ് സമീറ റെഡ്ഡിക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെയ്ക്കും ആദ്യകുഞ്ഞ് ജനിച്ചത്.
അതിന് ശേഷം പഴയ രൂപത്തിലേക്ക് തിരിച്ചുവരാന്‍ താന്‍ ഏറെ സമയമെടുത്തുവെന്ന് സമീറ പറയുന്നു.ആളുകള്‍ എങ്ങനെയിരിക്കുന്നോ അതുപോലെ തന്നെ അവരെ അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്നും സമീറ ആവശ്യപ്പെടുന്നു.എല്ലാ ട്രോളന്മാരോടും കൂടി എനിക്ക് പറയാന്‍ ഒരേയൊരു മറുപടിയേ ഉള്ളൂ. എനിക്കൊരു സൂപ്പര്‍പവര്‍ ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ എനിക്ക് കഴിയും. ഒരു അവാര്‍ഡ് ദാനച്ചടങ്ങിനിടെയാണ് സമീറ തന്റെ നിലപാട് വ്യക്തമാക്കിയത്.