സമ്പൂജ്യരാവാതിരിക്കാന്‍ ഇന്ത്യ; വൈറ്റ് വാഷിനു ഓസീസ്; ഓസീസിനു ബാറ്റിങ്ങ്

സിഡനി: അവസാന ഏകദിന മത്സരത്തില്‍ തോല്‍വിയെന്ന ഭീഷണി ഒഴിവാക്കാന്‍ ഇറങ്ങുന്ന ഇന്ത്യയ്ക്കു ബൗളിങ്. ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 39 റണ്ണെടുത്ത ഓസ്‌ട്രേലിയക്കു ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. നാല് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം അപ്രധാനമാണ്.
ഇന്ത്യ ഇന്നത്തെ മത്സരവും തോറ്റാല്‍ ഏകദിന റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുനിന്നു മൂന്നിലേക്കു പിന്തള്ളപ്പെടും. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി 19ാം ഏകദിന ജയമെന്ന നേട്ടമാണ് ഓസീസിനെ കാത്തിരിക്കുന്നത്. 2014 നവംബറില്‍ പെര്‍ത്തില്‍ നടന്ന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോടാണ് ഓസീസ് അവസാനം തോറ്റത്. കാന്‍ബറയില്‍ നടന്ന നാലാം ഏകദിനത്തിനിടെ വലത് കൈയ്ക്കു പരുക്കേറ്റ അജിന്‍ക്യ രഹാനെയ്ക്ക് ഇന്നു കളിക്കാനാകില്ല. രഹാനെയ്ക്കു പകരം മനീഷ് പാണ്ഡെയായിരിക്കും കളിക്കുക. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് സ്പിന്നിന് അനുകൂലമായതിനാല്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. അശ്വിന്‍ മടങ്ങിവരുമ്പോള്‍ പേസര്‍ റിഷി ധവാനു പുറത്തിരിക്കേണ്ടി വരും. സിഡ്‌നിയിലെ കാലാവസ്ഥ മത്സരത്തിന് അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ട്. മഴ ഇടയ്ക്കിടെ മത്സരം തടസപ്പെടുത്താനിടയുണ്ട്. ഓസീസ് നിരയില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പരുക്കില്‍നിന്നു പൂര്‍ണമായി മോചിതനായില്ലെങ്കില്‍ സ്‌കോട്ട് ബോലാന്‍ഡോ ഷോണ്‍ മാര്‍ഷോ പകരം കളിക്കും.
സാധ്യതാ ടീം: ഇന്ത്യ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, എം.എസ്. ധോണി (നായകന്‍), ഗുര്‍കീരത് സിങ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.
സാധ്യതാ ടീം: ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണര്‍, ആരണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് (നായകന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍/ ഷോണ്‍ മാര്‍ഷ്/ സ്‌കോട്ട് ബോലാന്‍ഡ്/, മിച്ചല്‍ മാര്‍ഷ്, മാത്യു വേഡ്, ജെയിംസ് ഫോക്‌നര്‍, ജോണ്‍ ഹേസ്റ്റിങ്‌സ്, കെയ്ന്‍ റിച്ചാഡ്‌സണ്‍, നഥാന്‍ ലിയോണ്‍.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ മത്സരം ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ഡാരന്‍ ലീമാന്‍ പറഞ്ഞു. പരമ്പര 50 ത്തിനു ജയിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ലീമാന്‍ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയ്ക്കു ശേഷം ഇന്ത്യഓസീസ് ട്വന്റി20 പരമ്പര തുടങ്ങും.

Top