22 കൊല്ലമായി മണല്‍ കൊട്ടാരത്തില്‍ ജീവിക്കുന്ന രാജാവ്

മണല്‍ രാജാവ് എന്നറിയപ്പെടുന്ന ഈ ബ്രസീലുകാരന്‍ കഴിഞ്ഞ 22 കൊല്ലമായി ജീവിക്കുന്നത് മണല്‍ കൊട്ടാരത്തിലാണ്. പൂര്‍ണമായും മണലുകൊണ്ട് നിര്‍മിച്ച കൊട്ടാരം എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും മാര്‍സിയോ മിസേല്‍ മറ്റോലയസിന് ഇത് വിട്ട് വേറൊരു ജീവിതമില്ല. അയല്‍വാസികളും സുഹൃത്തുക്കളും അദ്ദേഹത്തെ വിളിക്കുന്നത് രാജാവ് എന്നാണ്. മണലുകളുടെ രാജാവ്. ബ്രസീലിലെ റിയോ ഡി ജെനീറയിലെ പ്രശസ്തമായ ബീച്ചിലാണ് ഈ മണല്‍ കൊട്ടാരം. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഈ മണല്‍കൊട്ടാരവും രാജാവും അത്ഭുതമാണ്.  തന്റെ കിരീടവും തലയില്‍ വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ രാജാവിന് യാതൊരു മടിയുമില്ല. മറ്റ് രാജകുടുംബങ്ങളെപ്പോലെ പരിചാരകരും ഈ രാജാവിനില്ല. അതിനാല്‍ തന്റെ കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികളെല്ലാം നിര്‍വഹിക്കുന്നത് മാര്‍സിയോ ഒറ്റയ്ക്കാണ്. കടല്‍ത്തീരത്ത് തന്നെയാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. കടലിനടുത്ത് താമസിക്കാന്‍ ആളുകള്‍ വാടകകൊടുക്കുമ്പോള്‍ എനിക്ക് യാതൊരു ബില്ലും അടയ്ക്കാതെ സുഖമായി ജീവിക്കാനാകുന്നു. മാര്‍സിയോ പറയുന്നു. ബുക്കും, ബീച്ച് ഗോള്‍ഫും എല്ലാമായി സന്തുഷ്ടമാണ് ഈ രാജാവിന്റെ ജീവിതം. മാര്‍സിയോയുടെ രാജവാഴ്ചയ്ക്ക് തടസമാകുന്ന ഒരേയൊരു കാര്യം കടല്‍ത്തീരത്തെ അസഹനീയമായ ചൂടാണ്. അതിനാല്‍ ചില രാത്രികളില്‍ ചൂട് സഹിക്കാനാവാതെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടാറുണ്ട് ഈ രാജാവ്.

Top