ടെന്നീസിലേക്കുള്ള തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ച് സാനിയ മിര്‍സ. ഈ വര്‍ഷം അവസാനത്തോടെ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും സാനിയ പ്രതികരിച്ചു. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് സാനിയ ടെന്നീസില്‍ നിന്നും കുറച്ചുകാലം വിട്ട് നിന്നത്. ഇതോടൊപ്പം സാനിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമ്മയായി. ഈ വര്‍ഷം അവസാനത്തോടെ മത്സര ടെന്നീസില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ വ്യക്തമാക്കി. അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ ട്രെയിനര്‍ എത്തുമെന്നും ടെന്നീസില്‍ തിരിച്ചെത്താനായി ഭാരം കുറച്ചുവെന്നും 32കാരിയായ സാനിയ പറഞ്ഞു. ടെന്നീസില്‍ തിരിച്ചെത്താന്‍ ചെറിയ പ്രായമല്ലെന്ന് അറിയാം. എങ്കിലും ടെന്നീസാണ് എന്റെ ജീവിതം.
മത്സര ടെന്നീസില്‍ തിരിച്ചെത്താനുള്ള കരുത്ത് തനിക്കുണ്ടെന്നും സാനിയ വ്യക്തമാക്കി. വിവാഹത്തിനും അമ്മയായതിനും ശേഷം മത്സര ടെന്നീസില്‍ തിരിച്ചെത്തി കിരീടങ്ങള്‍ സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫിനെ ആണ് ഇക്കാര്യത്തില്‍ താന്‍ മാതൃകയാക്കുന്നതെന്നും സാനിയ പറഞ്ഞു. അമ്മയായതിനുശേഷം സ്ത്രീകള്‍ക്ക് അതിന് കഴിയില്ലെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് അതിനാവുമെന്ന് തെളിയിച്ചയാളാണ് സ്റ്റെഫി. ജോണ്‍ മക്കന്റോ ആണ് തന്റെ ഇഷ്ടതാരമെന്നും കളിക്കുമ്പോള്‍ ദേഷ്യം വന്നാല്‍ റാക്കറ്റ് അടിച്ചുപൊട്ടിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ അത് ചെയ്യുമ്പോള്‍ ആസ്വദിക്കാറുണ്ടെന്നും സാനിയ പറഞ്ഞു.