മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ബോളിവുഡിന്റെ പ്രിയ താരജോഡികളായിരുന്നു. നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്. വിവാഹിതനായിരുന്ന സഞ്ജയ് മാധുരിയുമായി പ്രണയത്തിലായതും ബോളിവുഡില്‍ പാട്ടായിരുന്നു. മയക്കുമരുന്ന് കേസില്‍ സഞ്ജയ് ജയിലില്‍ പോയതോടെ ആ ബന്ധം തകരുകയായിരുന്നു. ഇപ്പോഴിതാ, കരണ്‍ ജോഹറിന്റെ കളങ്ക് എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. ചരിത്ര കഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും ഉണ്ട്. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍ 19ന് ചിത്രം റിലീസ് ചെയ്യും. ‘സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്’ എന്ന പുസ്തകത്തില്‍ സഞ്ജയ്-മാധുരി പ്രണയത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയത് വന്‍ വിവാദമായിരുന്നു. 1990 കളില്‍ സഞ്ജയ് ദത്ത് മാധുരി ദീക്ഷിത്ത് പ്രണയം ഏറെ ചൂടുപിടിച്ച സംഭവമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നും വിവാഹിതനായ സഞ്ജയ് ദത്തിന്റെ ദാമ്പത്യ ബന്ധത്തെ അത് ഉലച്ചു കളഞ്ഞുവെന്നും സഞ്ജയ് മാധുരി ബന്ധം വാര്‍ത്തകളിലിടം പിടിച്ചതോടെ ഭാര്യ റിച്ച ശര്‍മ അസ്വസ്ഥയായി. ബോളിവുഡ് നടിയായ റിച്ച 1987 ലാണ് സഞ്ജയ് ദത്തിനെ വിവാഹം ചെയ്യുന്നത്. മസ്തിഷ്‌കത്തിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു അവര്‍. പരിഭ്രാന്തയായ റിച്ച ഡോക്ടറുടെ അനുവാദത്തോടെ ഇന്ത്യയിലേക്ക് തിരിച്ചു. അന്ന് ഒരു പ്രശസ്തമായ മാസികയില്‍ ഇവരുടെ പ്രണയത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം വന്നിരുന്നു. മാധുരിയുമായുള്ള പ്രണയം സഞ്ജയ് ദത്തിന്റെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നുവോ? എന്നായിരുന്നു തലക്കെട്ട്.
ചികിത്സക്കായി മകള്‍ക്കൊപ്പം ഇന്ത്യവിട്ട റിച്ച മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തി. മകള്‍ തൃഷാലയും റിച്ചക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ സഞ്ജയ് റിച്ചയെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. റിച്ചയുടെ സഹോദരി ഇന ശര്‍മ അന്ന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് മകളെയും ഭാര്യയെയും സ്വീകരിക്കാന്‍ പോലും സഞ്ജയ് എത്തിയില്ല എന്നാണ്. റിച്ചയ്ക്ക് സഞ്ജയ് ദത്തിനോടൊപ്പം ജീവിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ സഞ്ജയ് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇത് റിച്ചയെ മാനസികമായി തകര്‍ത്തു. 1993 ല്‍ അര്‍ബുദം രൂക്ഷമാവുകയും ചെയ്തു. അക്കാലത്ത് മാധ്യമങ്ങള്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് സഞ്ജയിനെ ആണ്. ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോയ റിച്ച 1996 ഡിസംബര്‍ 6ാം തിയ്യതി അന്തരിച്ചു. പിന്നീട് തൃഷാലയുടെ അവകാശത്തിന് വേണ്ടി സഞ്ജയിന്റെ കുടുംബവും റിച്ചയുടെ കുടുംബവും പോരടിച്ചു. സ്‌ഫോടനക്കേസില്‍ ശിക്ഷ ലഭിച്ചതോടു കൂടി മാധുരി -സഞ്ജയ് ബന്ധം തകര്‍ന്നു. യാസെര്‍ ഉസ്മാന്‍ പുസ്തകത്തില്‍ കുറിച്ചു. സഞ്ജയ് ദത്ത് രണ്ടാമത് വിവാഹം ചെയ്തത് മോഡലും പാതി മലയാളിയുമായ റിയാ പിള്ളയെ ആയിരുന്നു. എന്നാല്‍ ആ ബന്ധത്തിന് നാല് വര്‍ഷം മാത്രമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് റിയ ടെന്നീസ് താരം ലിയാണ്ടര്‍ പേസിനെ ജീവിത പങ്കാളിയായി സ്വീകരിച്ചു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് റിയ പേസുമായി വേര്‍പിരിഞ്ഞു.1998 ല്‍ സഞ്ജയ് ദത്ത് നടി മാന്യതയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇരട്ടകുട്ടികളുണ്ട്.