ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ കേട്ട മലയാളം കമന്റ് മലയാളികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. മലയാളികളായ സഞ്ജു സാംസണും കരുണ്‍ നായരും ക്രീസില്‍ ഒരുമിച്ചപ്പോഴായിരുന്നു സഞ്ജു പച്ചമലയാളത്തില്‍ കരുണിനോട് ഓടിക്കോ ഓടിക്കോ എന്ന് വിളിച്ചുപറഞ്ഞത്.
മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു ദില്ലി ഫിറോസ്ഷാ കോട്‌ലയില്‍ മലയാളം മുഴങ്ങിയത്. സ്‌കോട് ബൊലാന്‍ഡിന്റെ പന്ത് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് തട്ടിയിട്ടശേഷമായിരുന്നു സഞ്ജു കരുണിനോട് ഓടിക്കോ, ഓടിക്കോ, വേഗം, വേഗം എന്നുറക്കെ പറഞ്ഞത്.
ഇരുവരുടെയും മലയാളം കേട്ട് വിക്കറ്റിന് പിന്നില്‍ നിന്ന ധോണി അന്തംവിടുന്നതും കാണാമായിരുന്നു. ക്രിക്കറ്റ് ബാറ്റ് പിടിക്കാനറിയാവുന്ന മലയാളികളെല്ലാം ക്രീസിലെത്തിയാല്‍ റണ്‍ റണ്‍ എന്ന് ഇംഗ്ലീഷില്‍ വിളിച്ചു പറയുന്ന കാലത്താണ് ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ പച്ചമലയാളത്തിലുള്ള ആശയവിനിമയം എന്നതാണ് മറ്റൊരു സവിശേഷത. ആ കാഴ്ച കാണുക.