സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ധോനിക്കുള്ള പ്രാധാന്യം വളരെ വി വലുതാണ്. ക്യാപ്റ്റൻ സ്ഥാനം രാജി വച്ചെങ്കിലും,പ്രായമേറെയായെന്ന് വിമർശകർ ശബ്ദമുയർത്തുമ്പോഴും ധോണിയുടെ കഴിവിൽ ഇപ്പോഴും സെലെക്ടർമാർക്ക് വിശ്വാസമാണ്. എങ്കിലും ധോണി വിരമിക്കേണ്ട സമയമായെന്ന് മുൻതാരങ്ങളടക്കം പറഞ്ഞുകഴിഞ്ഞു. ധോണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഇനി അടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആര് എന്നത് ഇന്ത്യൻ ടീം ഇത് വരെ കണ്ടെത്തിയിട്ടില്ല എന്നതാണോ ധോണിയുടെ വിരമിക്കൽ തീരുമാനം വൈകുന്നതെന്ന് സംശയത്തിലാണ് ആരാധകർ.
ടെസ്റ്റിൽ വൃദ്ധിമാൻ സാഹയാണെങ്കിലും എല്ലാ ഫോർമാറ്റിലും മികവി പുലർത്താൻ സാഹക്ക് കഴിഞ്ഞിരുന്നില്ല, സാഹ കഴിഞ്ഞാൽ സാഹയേക്കാൾ സീനിയറായ ദിനേഷ് കാർത്തികും പിന്നെ യുവതാരങ്ങളായ സഞ്ജു സാംസണും റിഷഭ് പന്തുമാണ് ഉള്ളത്.ഇപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ദിനേഷ് കാർത്തിക് സഞ്ജു സാംസണും റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് വെളിപ്പെടുത്തുകയാണ്. തന്റെ സ്ഥാനം നിലനിർത്താൻ മികച്ച കളി പുറത്തെടുക്കാനുള്ള സമ്മർദ്ദം താൻ അനുഭവിക്കുന്നുണ്ടെന്നും കാർത്തിക് പറയുന്നു.
കൃത്യസമയത്ത് രവി ശാസ്ത്രി നൽകിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാർത്തിക് വ്യക്തമാക്കി.’ന്യൂസിലൻഡിനെതിരെ പരമ്ബരയിൽ നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കാർത്തിക്. ഇനിയും അവസരം കിട്ടിയാൽ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപ്പോഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങൾ കരിയറിൽ ഗുണംചെയ്തിട്ടുണ്ട്. ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീർഘനേരം സംസാരിക്കാറുണ്ട്’ കാർത്തിക് പറയുന്നു.
ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഏറ്റവുമധികം തിരിച്ചുവരവുകൾ നടത്തിയ താരവും ഈ തമിഴ്നാട്ടുകാരനാകും. ചാമ്ബ്യൻസ് ട്രോഫിയിൽ മനീഷ് പാണ്ഡ്യയ്ക്കു പകരക്കാരനായി കാർത്തിക് ടീമിലെത്തിയത്.കരീബിയൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും മനീഷ് പാണ്ഡ്യ തിരിച്ചെത്തിയതോടെ ലങ്കയ്ക്കെതിരായ പരമ്പരയിൽ വീണ്ടും ടീമിന് പുറത്തായിരുന്നു.
നേരത്തെ ശ്രീലങ്കയ്ക്കെതിരെ ബോർഡ് പ്രസിഡൻസ് ഇലവനായി സഞ്ജു സാംസൺ സെഞ്ച്വറി നേടിയത് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചുവും.