സ്പാനിഷ് ലീഗിൽ ഇന്ന് അവസാന 90 മിനിറ്റ്; ബാഴ്‌സയോ, റയലോ താര രാജാക്കൻമാരെന്നു ഇന്നറിയാം

സ്‌പോട്‌സ് ഡെസ്‌ക്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളിലെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. ലീഗിലെ അവസാന മത്സരങ്ങളിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇറങ്ങുകയാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് എവേ ഗ്രൗണ്ടുകളിൽ റയൽ മാഡ്രിഡ്, ഡിപോർട്ടിവ ലാ കൊരുണയെ നേരിടുമ്പോൾ അതേ സമയത്തുതന്നെ ബാഴ്‌സലോണ നേരിടുന്നത് ഗ്രനഡയെ. 37 കളിയിൽ 88 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സയെക്കാൾ ഒരു പോയിന്റ് കുറവുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. ഇതിൽ ഗ്രനഡയ്‌ക്കെതിരേ ബാഴ്‌സ തോൽക്കുകയോ സമനിലയിൽ അവസാനിക്കുകയോ ചെയ്യുകയും, റയൽ ജയിക്കുകയും ചെയ്താൽ മാഡ്രിഡ് ടീമിനു മൂന്നു സീസണുശേഷം ലാ ലിഗ ചാമ്പ്യന്മാരാകാം. 201112 സീസണിലാണ് റയൽ അവസാനമായി ജേതാക്കളായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്‌ടോബർ മൂന്നിനു സെവിയ്യയോടു തോറ്റശേഷം ബാഴ്‌സയുടെ ഒരു കുതിപ്പായിരുന്നു. തോൽവി അറിയാതെ 23 ലാ ലിഗ മത്സരങ്ങൾ കറ്റാലൻ ടീം പൂർത്തിയാക്കി. കിരീടം തുടർച്ചയായ രണ്ടാം സീസണിൽ നേരത്തേ തന്നെ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന് ഏവരും കരുതി. എന്നാൽ സംഭവിച്ചത് നേരേ മറിച്ചായിരുന്നു. ചിരവൈരികളായ റയൽ മാഡ്രിഡ് സീസണിലെ രണ്ടാം എൽക്ലാസികോയ്ക്ക് ഏപ്രിൽ രണ്ടിന് ബാഴ്‌സയുടെ ന്യൂ കാമ്പ് സ്റ്റേഡിയത്തിലെത്തിയശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. റയലിന്റെ സാന്റിയാഗോ ബർണേബുവിൽ നടന്ന മത്സരത്തിൽ ബാഴ്‌സ വൻജയം നേടിയിരുന്നു. അതുകൊണ്ട് ന്യൂ കാമ്പിലും ഏവരും റയലിനെ കൂടുതൽ നാണകെട്ട തോൽവിയാണ് പ്രതീക്ഷിച്ചത്. എന്നാൽ മത്സരത്തിന്റെ ഫലം വന്നപ്പോൾ റയലിനു ജയം, ബാഴ്‌സയ്ക്കു തോൽവി. ഇതോടെ ബാഴ്‌സലോണയുടെ കഷ്ടകാലവും തുടങ്ങി.

അടുത്ത മത്സരങ്ങളിൽ റയൽ സോസിദാദും വലൻസിയയും തോൽപ്പിച്ചു. അങ്ങനെ തുടർച്ചയായ മൂന്നു തോൽവി. മൂന്നു തോൽവികൾ ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിനു വെല്ലുവിളിയായി. അതുവരെ കിരീട സ്വപ്നങ്ങൾക്കു പുറത്തായിരുന്ന റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും കിരീടം മോഹിച്ചെത്തി. അത്‌ലറ്റിക്കോ മാഡ്രിഡും റയലും തുടർജയങ്ങളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ മാറിമാറിവന്നു. അത്‌ലറ്റിക്കോ, ബാഴ്‌സയ്‌ക്കൊപ്പം പോയിന്റ് പങ്കിട്ട് രണ്ടാമതുണ്ടായിരുന്നു. ഇരുടീമുകളുടെ പോരാട്ടത്തിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്‌സലോണ മുന്നിലായിരുന്നുവെന്നു മാത്രം.

ആദ്യം മുതലുണ്ടായിരുന്ന ലീഡാണ് ബാഴ്‌സലോണയെ പോയിന്റ് പട്ടികയിൽ താഴെയിറക്കാതിരുന്നത്. കഴിഞ്ഞ മത്സരത്തിൽ ലെവന്റെയിൽനിന്നും നേരിട്ട അപ്രതീക്ഷിത തോൽവി അത്‌ലറ്റിക്കോ മാഡ്രിഡിനെ മൂന്നാം സ്ഥാനക്കാരാക്കി. അത്‌ലറ്റിക്കോയ്ക്കു കിരീട പോരാട്ടത്തിൽനിന്നു പിൻവലിയേണ്ടിയും വന്നു. റയലിനോടും സോസിദാദിനോടും വലാൻസിയയോടുമേറ്റ തോൽവിക്കുശേഷം ബാഴ്‌സലോണ കൂടുതൽ കരുത്തരായി തിരിച്ചെത്തി. ലൂയിസ് സുവാരസ്, ലയണൽ മെസി എന്നിവർ ഗോളടിച്ചു കൂട്ടി ബാഴ്‌സയ്ക്കു വൻ ജയങ്ങൾ ഒരുക്കി.

ഈ സീസൺ റയലിനു വിഷമമേറിയതായിരുന്നു ആദ്യമുണ്ടായിരുന്ന പരിശീലകൻ റാഫേൽ ബെനിറ്റ്‌സിനെ ഇടയ്ക്കുവച്ചു മാറ്റേണ്ടിവന്നു. സെവിയ്യയോടും ആദ്യ എൽക്ലാസിക്കോയിലെ ബാഴ്‌സയോടുള്ള പരാജയവുമായിരുന്നു കാരണം. കൂടാതെ കോപ്പ ഡെൽ റേയിൽ കാഡിസിനെതിരേ സസ്‌പെൻഷനിലായിരുന്ന കളിക്കാരനെ കളിപ്പിച്ചതിനെത്തുടർന്ന് റയലിനെ ടൂർണമെന്റിൽനിന്നുതന്നെ പുറത്താക്കി. ഇവയെല്ലാം ബെനിറ്റ്‌സിന്റെ പുറത്താക്കലിനു വഴിതെളിച്ചു. ഇതിനുശേഷം ക്ലബ്ബിന്റെ മുൻ മധ്യനിരതാരം സിനദിൻ സിദാനെ പരിശീലകനാക്കി. ഇതോടെ റയൽ ടീമിനാകെ ഉണർവു കിട്ടിയതുപോലെയായി.

അത്‌ലറ്റികോ മാഡ്രിഡിൽനിന്നു സ്വന്തം ഗ്രൗണ്ടിൽ പരാജയപ്പെടേണ്ടിവന്നു. അതിനുശേഷം പതിനൊന്നു തുടർ മത്സരങ്ങളിൽ വിജയങ്ങളുമായി മുന്നേറി. തോൽവിയെ അഭിമുഖീകരിച്ച മത്സരങ്ങളിൽ തിരിച്ചടിച്ച് വിജയങ്ങൾ നേടിയ മത്സരങ്ങളുമുണ്ടായിരുന്നു. പരിക്കിൽനിന്നു പൂർണമായി മുക്തനായി താൻ മികച്ച ഫോമിലെന്ന് വലൻസിയയ്‌ക്കെതിരെ ജയിച്ച മത്സരത്തിൽ രണ്ടു ഗോളടിച്ചു ക്രിസ്റ്റിയാനോ റൊണാൾഡോ തെളിയിച്ചു കഴിഞ്ഞു. നിർണായക മത്സരങ്ങളിൽ ഗാരത് ബെയ്ൽ പുറത്തെടുക്കുന്ന മികവും റയലിന് ആശ്വാസം പകരുന്നതാണ്.

ഇന്നത്തെ മത്സരത്തിൽ ബാഴ്‌സ തോൽക്കുകയും റയൽ സമനിലയിലാകുകയോ ചെയ്താലും കിരീടം ബാഴ്‌സയ്ക്കു ലഭിക്കും. രണ്ടു കൂട്ടർക്കും ഒരേ പോയിന്റായാലും ഗോൾ ശരാശരിയിലും രണ്ടു ടീമിന്റെ പോരാട്ടത്തിന്റെ അഗ്രഗേറ്റിലും (52) ബാഴ്‌സയാണ് മുന്നിൽ. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ് സ്വന്തം സ്‌റ്റേഡിയത്തിൽ സെൽറ്റ വിഗോയെ നേരിടുന്നുണ്ട്. അത്‌ലറ്റികോയ്ക്ക് 85 പോയിന്റുണ്ട്.

ഗോൾ വേട്ടയിൽ സുവാരസ്

ഈ സീസണിലെ ഗോൾവേട്ടക്കാരുടെ പോരാട്ടവും ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലാണ്. ബാഴ്‌സലോണയുടെ സുവാരസ് 37 ഗോളുമായി ബഹുദൂരം മുന്നിലാണ്. ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലീഗിന്റെ അവസാനം പരിക്കേറ്റതാണ് തിരിച്ചടിയായത്. 33 ഗോളാണ് റോണോയുടെ സമ്പാദ്യം. ലയണൽ മെസി മൂന്നാമതാണ്, 26 ഗോൾ.

കിരീടം നേടിയാലും വിജയയാത്രയ്ക്കു ബാഴ്‌സയില്ല

ബാഴ്‌സലോണ: ലാലിഗയിൽ ഗ്രനഡയെ തോല്പിച്ച് കിരീടം ചൂടിയാലും ബാഴ്‌സലോണ പതിവു ഘോഷയാത്ര നടത്തില്ല. സുരക്ഷാ ഭീഷണിയാണ് തെരുവിലെ ആഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതിനു പിന്നിൽ. യൂറോപ്പിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവസാനറൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കോപ്പ ഡെൽറെ കപ്പ് 22ന് നടക്കുന്നതിനാൽ വലിയ തോതിലുള്ള ആഘോഷങ്ങൾ നടത്തുന്നത് താരങ്ങളെ ശാരീരികമായി തളർത്തുമെന്ന് ക്ലബ് അധികൃതർ കരുതുന്നു.

യൂറോ കപ്പ്: ഫ്രഞ്ച് ടീമായി; ബെൻസെമയില്ല

പാരീസ്: അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിനുള്ള ഫ്രാൻസിന്റെ 23 അംഗ ടീമിനെ കോച്ച് ദിദിയെ ദെഷാം പ്രഖ്യാപിച്ചു. തകർപ്പൻ ഫോമിലുള്ള സ്‌ട്രൈക്കർ അറ്റെം ബെൻ ആർഫ, പരിക്കേറ്റ മാത്യു ഡെബീച്ചി എന്നിവർ ടീമിലില്ല. ബ്ലാക്ക്‌മെയിലിങ് വിവാദത്തിലുൾപ്പെട്ട റയൽ മാഡ്രിഡ് സൂപ്പർതാരം കരീം ബെൻസേമയ്ക്കും മാത്യു വാൽബ്വേനയ്ക്കും ടീമിലിടം പിടിക്കാനായില്ല.

ലീസ്റ്റർ സിറ്റിയുടെ താരങ്ങളായ എൻഗൊളൊ കാന്റെ, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ദിമിത്രി പയെ എന്നിവരെ 23 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ പത്തിന് റൊമാനിയയ്‌ക്കെതിരേയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം.

Top