സ്‌പോട്‌സ് ഡെസ്‌ക്
ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യൻ പെൺപടയുടെ സൗന്ദര്യം ആസ്വദിച്ചു തീരും മുൻപു തന്നെ ഇംഗ്ലണ്ടിന്റെ പെൺപട ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആരാധകരുടെയെല്ലാം കണ്ണുടക്കിയ ഒരു ഇംഗ്ലീഷ് താരമുണ്ടായിരുന്നു. കുട്ടിത്തം വിട്ടുമാറാത്ത മുഖവും നിഷ്‌കളങ്കമായ ചിരിയുമായി വിക്കറ്റിന് പിന്നിൽ നിന്ന് കലപില ഒച്ചവെച്ചുകൊണ്ടേയിരുന്ന ഇംഗ്ലീഷ് വീക്കറ്റ് കീപ്പർ സാറാ ടെയ്ലറുടേത്. എന്നാൽ 28കാരിയായ സാറാ ടെയ്ലർ ഇംഗ്ലീഷ് ടീമിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഒരു സംഭവമാണെന്ന് അറിയുന്ന ആരാധകർ ചുരുക്കമായിരിക്കും.
ഓസ്‌ട്രേലിയയിൽ പുരുഷൻമാർക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ചിട്ടുള്ള ആദ്യ വനിതാ താരമാണ് സാറാ ടെയ്ലർ. 2015 ഒക്ടോബറിലായിരുന്നു സാറയുടെ ചരിത്ര നേട്ടം. സൗത്ത് ഓസ്‌ട്രേലിയയിലെ പുരുഷൻമാരുടെ പ്രീമിയർ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലാണ് സാറ, നോർത്തേൺ ഡിസ്ട്രിക്ടിന്റെ വിക്കറ്റ് കാവൽക്കാരിയായത്. പോർട്ട് അഡ്ലെയ്ഡിനെതിരായ പോരാട്ടത്തിലായിരുന്നു ചരിത്രം തിരുത്തിയ സാറയുടെ അരങ്ങേറ്റം. 1897ൽ തുടങ്ങിയ ടൂർണമെന്റിൽ ആദ്യമായാണ് പുരുഷ താരങ്ങൾക്കൊപ്പം ഒരു വനിതാ താരവും ഗ്രൗണ്ടിലറങ്ങുന്നത്.
വനിതകളുടെ ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായാണ് സാറ ആദ്യ സീസണിൽ കളിച്ചത്. പുരുഷ താരങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിച്ച വളർന്ന തനിക്ക് ഇതൊരു പുതുമയല്ലെന്നായിരുന്നു സാറ അന്ന് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പുരുഷ താരങ്ങൾക്കൊപ്പം ഓസ്‌ട്രേലിയയിൽ കളിക്കുന്ന ആദ്യ താരമാണെങ്കിലും പുരുഷൻമാർക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ചിട്ടുള്ള വനിതകളിൽ സാറയ്‌ക്കൊരു മുൻഗാമിയുണ്ട്. 2005ൽ സെൻട്രൽ ലങ്കാഷെയർ ലീഗിൽ കളിച്ച ഇംഗ്ലീഷ് താരം കേറ്റ് ക്രോസ്.
2006ൽ തന്റെ പതിനേഴാം വയസിൽ ഇംഗ്ലണ്ട് ദേശീയ ടീമിലെത്തിയ സാറ ദേശീയ ടീമിനായി കളിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരികളിലൊരാളാണ്. ലോർഡ്‌സിൽ ഇന്ത്യക്കെതിരെ ആയിരുന്നു സാറയുടെ അരങ്ങേറ്റം. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ചെന്നൈയിൽ സെഞ്ചുറി അടിച്ചും സാറ വാർത്തയിൽ ഇടം നേടിയിട്ടുണ്ട്.
2009ൽ ഇംഗ്ലണ്ടിനായി ഏകദിനങ്ങളിൽ അതിവേഗം ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡും സാറ സ്വന്തമാക്കി. 2012ലും 2013ലും മികച്ച ട്വന്റി-20 ക്രിക്കറ്ററായി സാറ തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ സാറ ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി. 2015ലാണ് സാറ ഓസ്‌ട്രേലിയയിൽ പുരുഷൻമാർക്കൊപ്പം മത്സര ക്രിക്കറ്റ് കളിച്ച് ചരിത്രം തിരുത്തിയത്.
എന്നാൽ 2016ൽ അമിത ആകാംക്ഷയ്ക്ക് അടിപ്പെട്ട സാറയുടെ കരിയറിൽ തിരിച്ചടിയേറ്റു. അതേവർഷം കരിയറിൽ വലിയൊരു ഇടവേളയെടുത്ത സാറ ഈ വർഷം ഏപ്രിലിലാണ് ഇംഗ്ലണ്ട് ടീമിനൊപ്പം യുഎഇയിൽ നടന്ന പരിശീലന ക്യാംപിൽ ചേരുന്നത്. പിന്നീട് ലോകകപ്പ് ടീമിലും ഇടം നേടിയ സാറ അമിത ആകാംക്ഷാ രോഗത്തെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായികമാരിൽ ഒരാളായി.