യതീഷ് ചന്ദ്രയ്ക്ക് മാത്രമല്ല സാധാരണ ജനത്തിനും ചോദിക്കാന്‍ അവകാശമുണ്ട്; ശാരദക്കുട്ടി എഴുതുന്നു

പോലീസിന് മാത്രമല്ല സാധാരണ ജനത്തിനും ഓരോ പൗരനും മന്ത്രിയോട് സംസാരിക്കാന്‍ അനുവാദമുണ്ട്. ജനാധിപത്യപരമായി വിലയിരുത്തുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണ് എസ്പി യതീഷ് ചന്ദ്ര നടത്തിയതെന്ന് ചോദിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊൻ രാധാകൃഷ്ണൻ ജനപ്രതിനിധിയായി പിന്നെ കേന്ദ്ര സഹമന്ത്രിയായ ആളാണ്. അദ്ദേഹത്തോട് ഒരു പൊലീസുദ്യോഗസ്ഥൻ സാമാന്യ ത്തിലധികം വിനയം പുരണ്ട ഭാഷയിൽ ചോദ്യം ചോദിക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അത്ര മര്യാദ പൊതുജനത്തോട് കാണിക്കാത്ത ഉദ്യോഗസ്ഥനാണിദ്ദേഹമെന്ന് എല്ലാർക്കുമറിയാം. തെളിവായി വീഡിയോ ദൃശ്യങ്ങൾ നമ്മുടെ മുന്നിലുണ്ടുതാനും.

ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാൻ പൊലീസിനെന്നല്ല, സാധാരണ ജനങ്ങൾക്കു കൂടി അവകാശമുണ്ടായിരിക്കേണ്ടതല്ലേ? ന്യായമായതല്ലാത്ത ഒരു ചോദ്യവും ഈ അവസരത്തിൽ യതീഷ് ചന്ദ്ര ചോദിക്കുന്നതുമില്ല. അദ്ദേഹത്തിന്റെ ധാർഷ്ട്യം കലർന്ന ശരീര ഭാഷക്ക് ചേരാത്ത മാതിരിയുള്ള വിനയമായിരുന്നു അതെന്ന് തൊട്ടിപ്പുറത്തു നിൽക്കുന്ന മന്ത്രിയല്ലാത്ത ‘വെറും ‘ രാധാകൃഷ്ണനെ നോക്കിയ നോട്ടത്തിൽ നിന്നു വ്യക്തവുമാണ്.

എവിടെയാണയാൾ പ്രോട്ടോക്കോൾ ലംഘിച്ചത്? പ്രോട്ടോക്കോൾ ലംഘിച്ചു എന്നലറുന്ന ഒരു വിദ്വാനെ നികേഷ് കുമാർ റിപ്പോർട്ടർ ചാനലിൽ നേരിടുന്നതും അയാൾ ബന്ധം വിഛേദിച്ചിറങ്ങിപ്പോകുന്നതും കണ്ടു. പ്രോട്ടോക്കോൾ എന്നത് ഏതവസരങ്ങളിലാണ് ജനപ്രതിനിധികൾക്ക് ബാധകമാകുന്നതെന്ന സാമാന്യ ജ്ഞാനമെങ്കിലുമുണ്ടായിരിക്കണം.

പ്രോട്ടോക്കോൾ നിൽക്കട്ടെ. സുജന മര്യാദ, പ്രായത്തെ മാനിക്കൽ, സംസ്‌കാര സമ്പന്നത ഇതൊക്കെ നോക്കി വേണമായിരുന്നു പൊലീസ് പെരുമാറേണ്ടത് എന്നാണ് നികേഷിനോട് BJP പ്രതിനിധിയുടെ ന്യായവാദം. ദൃശ്യങ്ങളിൽ കാണുന്ന മന്ത്രിയല്ലാത്ത രാധാകൃഷ്ണനോടും കൂടി ഈ വാക്കുകൾ പറഞ്ഞു കൊടുക്കണ്ടേ സുഹൃത്തേ.. പൊലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ആ ഭാഷ ഇതിൽ ഏതു സാംസ്‌കാരിക വകുപ്പിൽ പെടും? അദ്ദേഹത്തിന്റെ പ്രായത്തിനോ ‘സംസ്‌ക്കാര’ത്തിനോ ഇണങ്ങുന്നതായിരുന്നോ അത്?

ജനങ്ങളാണെല്ലാവരും. അത് മന്ത്രിയോർക്കണം. പൊലീസോർക്കണം. ജനവും ഓർക്കണം. മീഡിയ വൺചാനൽ ചർച്ചക്കു വന്നിരിക്കുമ്പോൾ മറ്റാരേയും മിണ്ടാനനുവദിക്കാതെ കോലാഹലമുണ്ടാക്കിക്കൊണ്ടിരുന്ന ശോഭാ സുരേന്ദ്രനോട് ജെ. ദേവിക പറയുന്നുണ്ടായിരുന്നു, ‘ഇതു നിങ്ങളുടെ മൈതാനമല്ല, കുറച്ചു നേരം വായടച്ചിരിക്കൂ’ എന്ന്. എന്നിട്ടും ചർച്ച തീരുന്നതു വരെ അവർ വായടച്ചില്ല.

സുജന മര്യാദ, സംസ്‌കാരം, പരസ്പര ബഹുമാനം ഇതൊക്കെ ഒരു ആന്തരിക ബലത്തിൽ നിന്നു മാത്രമുണ്ടാകുന്നതാണ്. മുഷ്‌കും മെയ്ക്കരുത്തു പ്രയോഗവും ആന്തരിക ശക്തിയില്ലായ്മയുടെ അടയാളങ്ങൾ മാത്രമാണ്. അതു കൊണ്ട് കേരളത്തെ തോൽപ്പിക്കാമെന്നു കരുതരുത്.

Top