
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എഴുത്തുകാരി ശാരദ കുട്ടി.സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് എന്നുള്ള ആവശ്യങ്ങളുന്നയിച്ചു തെരുവിലിറങ്ങുന്നു എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. അപ്പോള്‍ അറിയാം ഇപ്പോള്‍ ശബരിമലയില്‍ പെണ്ണിനെ കയറ്റരുത് എന്ന് പറഞ്ഞ് മുന്നിട്ടിറങ്ങുന്നവരുടെ തനി നിറമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് എന്നുള്ള ആവശ്യങ്ങളുന്നയിച്ചു തെരുവിലിറങ്ങുന്നു എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കൂ.. ഇപ്പോള്‍ ശബരിമലയില്‍ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം അപ്പോള്‍ കാണാം.
എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതും.
തെറി വിളിച്ചു തുടങ്ങണ്ട. ചുണ്ടു കോട്ടണ്ട. പുരികം ചുളിക്കണ്ട.. ചുമ്മാ ഒന്നു സങ്കല്പിച്ചു നോക്കാനേ പറഞ്ഞുള്ളു. ഇപ്പോളെവിടെയോ അവിടെത്തന്നെ കിടന്നു കൊണ്ട് ഒന്നു സങ്കല്‍പ്പിച്ചു നോക്കാനേ പറഞ്ഞുള്ളു.. സങ്കല്‍പത്തില്‍ അര്‍ധ രാജ്യമല്ല, മുഴുവന്‍ രാജ്യവും കാണാനുള്ള ഒരു സാധ്യത ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചതാണ്.