തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത എസ് നായര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പുറത്തുവന്ന കത്ത് തന്റേത് തന്നെയാണ്. യഥാര്‍ത്ഥ കത്ത് തന്റെ കൈവശമുണ്ട്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അപ്പോള്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണ്. നിര്‍ണ്ണായകമായ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവിടുമെന്നും സരിത പറഞ്ഞു.
ഫെനി ബാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. പുറത്തുവന്ന കത്ത് തിരുത്തിയതല്ല. യഥാര്‍ത്ഥ കത്ത് തന്റെ കൈവശമുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും യഥാര്‍ത്ഥ കത്ത് പുറത്തുവിടാം. ഫോറന്‍സിക് പരിശോധനയ്ക്കായി കത്ത് നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ കേരളത്തിലെ അന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസമില്ലെന്നും സരിത പറഞ്ഞു.
സോളാര്‍ കേസില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തും എന്ന് പറയുന്നതല്ലാതെ ആധികാരികത തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാണം. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കണം. ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്. തനിക്കെതിരെ കേസ് വരുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കും. തനിക്ക് വിശ്വാസ്യതയില്ല എന്ന് ഹൈക്കോടതി പറഞ്ഞ സാഹചര്യത്തില്‍ വസ്തുത തെളിയിക്കാന്‍ മറ്റ് വഴികള്‍ തേടും. സരിത പറഞ്ഞു.
താന്‍ ജയിലില്‍ ആയ അവസരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഫെനി ബാലകൃഷ്ണന് 80 ലക്ഷം രൂപയോളം നല്‍കി. എന്നാല്‍ ഫെനി അമ്മയ്ക്ക് 5 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ബെന്നി ബഹനാന്റെ നേതൃത്വത്തിലാണ് പണം നല്‍കിയത്. ശ്രീധരന്‍ നായരെ കണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഉമ്മന്‍ചാണ്ടി പറയുന്നത് തെറ്റാണ്. നുണപരിശോധനയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറാകണം. സാമ്പത്തിക തട്ടിപ്പ കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെ വച്ചില്ലെന്നും സരിത പറഞ്ഞു.