കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതാ നായരെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പരാമര്‍ശമുള്ള കത്ത് വ്യാജമെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടേതായി ഇപ്പോള്‍ പുറത്തുവന്ന കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളുമുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമാണ്. ഇത് ആദ്യത്തെ കത്തില്‍ ഉണ്ടായിരുന്നില്ല. കത്ത് പുറത്തുവിട്ടത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഫെനി പറഞ്ഞു.
ഇതോടെ സരിതയുടെ പുതിയ കത്ത് രണ്ടാം പതിപ്പാണെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ശക്തികൂടുന്നത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന വലിയ ലോബിയാണ് ഇപ്പോള്‍ വിവാദത്തിനു പിന്നിലെന്നും ബാറുടമകളുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഫെനിബാലകൃഷ്ണന്റെ വെളിപ്പുടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതും ആലോചനയിലുണ്ട്. നേരത്തെ കത്ത് പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണനും അവകാശ വാദം ഉന്നയിച്ചിരുന്നു. ഗണേശ് കുമാറിനെ തല്ലിയത് താനാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഗണേശ് കുമാറിനെ തല്ലിയത് ഒരു കോണ്‍ഗ്രസ് നേതാവാണെന്നാണ് സൂചന. ഇത് പുറത്തായതോടെ ബിജു രാധാകൃഷ്ണന്റെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് സരിതയുടെ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണ്‍ തന്നെ പറയുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റാണ് സരിതയുടേതെന്ന പേരില്‍ കത്ത് പുറത്തു വിട്ടത്. 2013 ജൂലൈയില്‍ പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ എഴുതിയ കുറിപ്പാണിതെന്നു ചാനല്‍ അഭിമുഖത്തില്‍ സരിതയും അറിയിച്ചു. മന്ത്രിമാരായ എ. പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഹൈബി ഈഡന്‍ എംഎല്‍എ, എ. പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, ബഷീറലി തങ്ങള്‍, കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, എഡിജിപി കെ. പത്മകുമാര്‍ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്‍.
ഇത്തരമൊരു കത്ത് സരിത നല്‍കിയത് ഫെനി ബാലകൃഷ്ണനാണ്. അതുകൊണ്ട് തന്നെ അതിലെ വെളിപ്പെടുത്തലുകള്‍ ഫെനിക്കും അറിയാം. ഈ സാഹചര്യത്തിലാണ് ഫെനിയുടെ വെളിപ്പെടുത്തലിന് ശക്തികൂടുന്നത്. സോളാര്‍ കേസ് പ്രതി സരിത നായരുടെ ആരോപണവും യാഥാര്‍ഥ്യവും രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചിരുന്നു. സരിത എഴുതിയെന്ന് പറയുന്ന കത്ത് പലപ്രാവശ്യം ചര്‍ച്ച ചെയ്തതാണ്. അന്നൊന്നും തന്റെ പേര് ഉയര്‍ന്നു വന്നില്ല. സരിതയുടെ ആക്ഷേപം തന്നെ അത്ഭുതപ്പെടുത്തിയെന്നും ആരോപണത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. സരതിയുടെ കത്ത് കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പേര് അതിലില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞിട്ടുണ്ട്. ജ!യില്‍ ഡി.ജി.പിയെ സോളാര്‍ കമീഷന്‍ വിസ്തരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേരില്ലെന്നാണ് പറഞ്ഞത്. ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരം ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിക്കുകയും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇത്തരത്തില്‍ ഒരു കത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയമായി യു.ഡി.എഫിനെ തോല്‍പിക്കണമെന്ന് ആഗ്രഹിക്കുന്ന വന്‍ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാന്‍ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കാന്‍ പോന്നതാണ് ഫെനിയുടെ നിലപാടും. അതുകൊണ്ട് തന്നെ സരിതയുടെ കത്തില്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് നീക്കമെന്നാണ് സൂചന.