![](https://dailyindianherald.com/wp-content/uploads/2016/01/sai.jpg)
കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പൊട്ടിത്തെറിച്ച സരിതയ്ക്കു പിന്നില്‍ ബാര്‍ ഉടമകളെന്നു സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ ഇന്നലെ രാത്രി പുറത്തു വിട്ടത്.
സോളാര്‍ കമ്മിഷനു മൊഴി നല്‍കും മുന്‍പ് സരിതയും ബാര്‍ ഉടമകളിലെ പ്രമുഖനും തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വച്ചു ഒരാഴ്ച മുന്‍പു കൂടിക്കാഴ്ച നടത്തിയിരുന്നതിന്റെ തെളിവുകളാണ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പുറത്തു വിടുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ നല്‍കുന്നതിനായി പത്തു കോടി രൂപയാണ് സരിതയ്ക്കു അന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ ഗഡുവായ രണ്ടു കോടിരൂപ കഴിഞ്ഞ ഞായറാഴ്ചയാണ് സരിതയ്ക്കു നല്‍കിയത്. ഇതേ തുടര്‍ന്നാണ് സരിത സോളാര്‍ കമ്മിഷനു മുന്നിലെത്തി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയത്.
സോളാര്‍ കേസില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരെയുള്ള മുഴുവന്‍ തെളിവുകളും സരിത ബാര്‍ ഉടമകള്‍ക്കു കൈമാറിയിട്ടുണ്ട്. സരിതയുടെ പക്കലുള്ള എല്ലാ തെളിവുകളുടെയും കോപ്പി കൈമാറാം എന്ന ധാരണയിലാണ് ഇപ്പോള്‍ ബാര്‍ ഉടമകള്‍ സരിതയ്ക്കു പണം നല്‍കിയതെന്നാണ് സൂചന ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുമായും എംഎല്‍എമാരും മന്ത്രിമാരുമായും സംസാരിച്ചതിന്റെ കോള്‍ റെക്കോര്‍ഡ് അടക്കമുള്ള വിവരങ്ങളെല്ലാം സരിതയുടെ പക്കലുണ്ടായിരുന്നു. ഈ രേഖകളെല്ലാം ബാര്‍ മുതലാളിമാര്‍ക്കു സരിത കൈമാറിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിനെ വീഴ്ത്താന്പറ്റിയ ഏറ്റവും നല്ല ആയുധമായാണ് സോളാര്‍ കേസിനെ ബാര്‍ ഉടമകള്‍ കണ്ടിരിക്കുന്നതും.