
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തന്നെ ബലാത്സംഗം ചെയ്തതായി സോളാർ കേസ് പ്രതി സരിത നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിനു പൊലീസ് നിയമോപദേശം തേടുന്നു. സോളാർ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു എഡിജിപി കെ.പത്മകുമാറിനെതിരെ കേസെടുക്കുന്നതിനെപ്പറ്റിയാണ് പൊലീസ് നിയമോപദേശം തേടുന്നത്. കേസ് ഫയൽ എത്തിച്ചു നൽകണമെന്നു എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിനോടു എഡിജിപി ബി.സന്ധ്യ ആവശ്യപ്പെട്ടതോടെയാണ് ഇതു സംബന്ധിച്ചുള്ള നിയമോപദേശം തേടാൻ പൊലീസ് തീരുമാനിച്ചത്.
തന്നെ ഉന്നത പൊലീസ് ഉേേദ്യാഗസ്ഥർ ബലാത്സംഗം ചെയ്തയായും, നഗ്നചിത്രങ്ങൾ അയച്ചതായും കാട്ടി സരിത നേരത്തെ പൊലീസിനു പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി സ്വീകരിക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനിടെ ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പൊലീസിൽ അഴിച്ചു പണിയുണ്ടായപ്പോൾ സരിത വീണ്ടും പരാതിയുമായി സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ വീണ്ടും കേസ് അന്വേഷിക്കാൻ പൊലീസ് ആലോചിക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെരിതെ കേസെടുക്കണമെങ്കിലുള്ള നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സരിതയുടെ പരാതി ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു അയച്ചു നൽകാനാണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സരിതയുടെ പരാതിയിൽ പേരുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസെടുത്തേക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.