കൊച്ചി: സരിതാ എസ് നായരുടെ ടീം സോളര്‍ കമ്പനി സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നു കടുത്തുരുത്തി എംഎല്‍എയും മുന്മന്ത്രിയുമായ മോന്‍സ് ജോസഫ് കോട്ടയം കലക്ടര്‍ക്കു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നതായി കോട്ടയം ജില്ലാ അസി. ഡവലപ്മെന്റ് കമ്മിഷണറുടെ മൊഴി. സോളര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ എഡിസി പി.എസ്. ഷിനോയാണു മൊഴി നല്‍കിയത്.
മോന്‍സ് ജോസഫ് അന്നത്തെ കോട്ടയം കലക്ടര്‍ മിനി ആന്റണിക്ക് 2012 ഫെബ്രുവരി പതിമൂന്നിനാണു കത്തയച്ചത്. വൈദ്യുതി വിതരണത്തില്‍ പിന്നാക്ക മണ്ഡലമായ കടുത്തുരുത്തിയില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന്, സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ടീം സോളര്‍ എന്ന കമ്പനിയില്‍നിന്നു പദ്ധതി ലഭിച്ചിട്ടുണ്ടെന്നു കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ആനുകൂല്യം ഉപയോഗിച്ചു കടുത്തുരുത്തി നഗരത്തില്‍ ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍നിന്നു രണ്ടുലക്ഷം രൂപ അനുവദിക്കുന്നു. ഇതിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ടും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നാണു കത്തിലുള്ളത്.
കലക്ടര്‍ കത്തു ജില്ലാ എഡിസിക്കു കൈമാറി. ഇതു സംബന്ധിച്ചു തുടര്‍ നടപടിയുണ്ടായതായി കാണുന്നില്ല. ഇതിനായി പ്രത്യേകം ഫയലുള്ളതായും കാണുന്നില്ലെന്നു ഷിനോ മൊഴി നല്‍കി.