കൊച്ചി :സരിതയെ ബിജു രാധാകൃഷ്‌ണന്‍ ക്രോസ് വിസ്‌താരം നടത്തും.തന്റെ വ്യക്‌തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിധം മാധ്യമങ്ങള്‍ വഴി പ്രസ്‌താവന നടത്തിയ സരിത എസ്. നായരെ ക്രോസ് വിസ്‌താരം നടത്താന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്‌ണന്റെ ആവശ്യം സോളാര്‍ അന്വേഷണ കമ്മിഷന്‍ ജസ്‌റ്റിസ് ജി. ശിവരാജന്‍ അംഗീകരിച്ചു. കള്ളങ്ങള്‍ പ്രചരിപ്പിച്ച് വ്യക്‌തിഹത്യ നടത്താന്‍ സരിത തീവ്രശ്രമം നടത്തുന്നതായി സോളാര്‍ കമ്മിഷന് അയച്ച കത്തില്‍ ബിജു രാധാകൃഷ്‌ണന്‍ ആരോപിച്ചു. പത്രവാര്‍ത്തകള്‍ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. തന്നെ മാനസിക സ്‌ഥിരത ഇല്ലാത്തവനും ഭ്രാന്തനുമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഈ സാഹചര്യത്തില്‍ സരിതയെ ക്രോസ് വിസ്‌താരം നടത്താന്‍ കമ്മിഷന്‍ അനുവദിക്കണമെന്നാണ് ബിജുവിന്റെ ആവശ്യം. മുഖ്യമന്ത്രിക്കും മറ്റുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവായി കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്‌ണന്‍ അവകാശപ്പെട്ട സിഡി പത്തിനു ഹാജരാക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ മൊഴിനല്‍കുന്നതില്‍ നിന്നു സരിത ഒഴിഞ്ഞതെന്നതു ശ്രദ്ധേയമാണ്. ക്രോസ് വിസ്‌താരം എന്ന ആവശ്യം ബിജു രാധാകൃഷ്‌ണന്‍ ഉന്നയിച്ചത് തികച്ചും അപ്രതീക്ഷിതമായി.
സരിതയുടെ ക്രോസ് വിസ്‌താരത്തിന് അനുവാദം നല്‍കണമെന്ന് സോളാര്‍ കമ്മിഷനോടും തിരുവനന്തപുരത്തെ ജില്ലാ ജഡ്‌ജിയോടും ബിജു രേഖാമൂലം അപേക്ഷിച്ചിരുന്നു. പ്രതിക്ക് അത്തരമൊരു അവകാശമുള്ളത് നിഷേധിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ കമ്മിഷന്‍ സിറ്റിങ്ങില്‍ ജസ്‌റ്റിസ് ശിവരാജന്‍ വ്യക്‌തമാക്കി. മൊഴി നല്‍കല്‍ മാറ്റിവയ്‌ക്കണമെന്ന് സരിത ഇന്നലെ നേരിട്ട് ഹാജരായി അപേക്ഷിച്ച നിലയ്‌ക്ക് അവരുടെ വിസ്‌താരം 15-ലേക്കു മാറ്റിവച്ചു. തന്റെ കുട്ടി സുഖമില്ലാതെ ആശുപത്രിയിലാണെന്നും അതുമൂലമുള്ള മാനസിക സംഘര്‍ഷം കാരണം കാര്യങ്ങള്‍ തുറന്നുപറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു. 15-ന് എത്തുമ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നേരത്തേ സരിത മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ രേഖകളുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നും ജസ്‌റ്റിസ് ശിവരാജന്‍ ഉത്തരവിട്ടു. പല കാരണങ്ങള്‍ പറഞ്ഞ് വിസ്‌താരം നീട്ടിക്കൊണ്ടുപോകുന്നതു ശരിയായ കീഴ്‌വഴക്കമല്ലെന്ന് സരിതയുടെ അഭിഭാഷകനെ കമ്മിഷന്‍ ഓര്‍മിപ്പിച്ചു. സരിത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായാണ് അഭിഭാഷകന്‍ അറിയിച്ചത്.