കൊച്ചി: കേരളത്തിനു താങ്ങാന്‍ കഴിയാത്ത തെളിവുകള്‍ സോളാര്‍ കമ്മീഷന് നല്കാന് പോകുന്നുവെന്ന് പലതവണ പ്രഖ്യാപനം നടത്തിയ സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായര്‍ കമ്മീഷന് തെളിവെടുപ്പില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നടത്തിയ നീക്കത്തിനെതിരെ കമ്മീഷന് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സരിതയുടെ നില പരുങ്ങലില്‍.
കേരളം തകര്‍ന്നു വീഴുന്ന തെളിവുകള്‍ നല്കാന് പോകുന്നുവെന്ന് വീമ്പിളക്കിയ സരിത തെളിവുകള്‍ സംബന്ധിച്ച് വിശദീകരണം നല്കാന് ജൂണ്‍ 15 വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കമ്മീഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കയ്യിലില്ലാത്തതെന്ന് സംശയിക്കുന്ന തെളിവുകളുടെ പേരില്‍ ഒളിച്ചുകളിക്കാനാണ് സരിതയുടെ നീക്കമെന്ന് സംശയിച്ചതോടെ കമ്മീഷന് ഈ ആവശ്യം തള്ളി.
ജൂണ്‍ 6 നകം ഹാജരാകാനാണ് കമ്മീഷന് ഇപ്പോള്‍ സരിതയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടാക്കേണ്ട ബാധ്യതയിലാണ് സരിത. ഇതിന് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട സഹായം നിലവില്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ സരിതയുടെ നില വീണ്ടും കൂടുതല്‍ പരുങ്ങലിലാകും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാല്‍ എം പിയും ഉള്‍പ്പെടെയുള്ളവര്‍ സരിതയ്ക്കെതിരെ നല്കിയ മാനനഷ്ടക്കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. മുന്‍ മുഖ്യമന്ത്രിയും സിറ്റിംഗ് എം പിയും വാദികളായ കേസുകളെന്ന നിലയില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലവിലുള്ള കേസുകളെക്കാള്‍ ഗുരുതരമായിരിക്കും അത്.
കേസുകളുടെ കാര്യത്തില്‍ വഴിവിട്ട സഹായങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയാണ് സര്‍ക്കാരിന്റെ തുടക്കത്തിലെ സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. അങ്ങനെഎങ്കില്‍ സുരക്ഷിതമെന്ന് കരുതിയ സരിതയുടെ ഭാവിയ്ക്ക് മേല്‍ നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാകും.
പോലീസ് കസ്റ്റഡിയില്‍ വച്ച് എഴുതിയതെന്ന പേരില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ മാസം 11 ന് സരിതയുടെ കത്ത് സോളാര്‍ കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു ഡിജിറ്റല്‍ തെളിവുകളെന്ന പേരില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള ചിലത് 13 നും ഹാജരാക്കിയിരുന്നു. എന്നാല്‍ പണ്ട് പുറത്തുവന്നവയ്ക്ക് അപ്പുറം ഇവയില്‍ പുതുതായി ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍.
അതുള്‍പ്പെടെയുള്ള തെളിവുകളുടെ വിശദീകരണവും ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനുള്ള ശക്തമായ തെളിവുകളുമാണ് സോളാര്‍ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കൂടുതല്‍ സമയം ഇനി അനുവദിക്കില്ലെന്നും 6 ന് തന്നെ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടെ ഇനി വെറുതെ കയറി വല്ലതും പറഞ്ഞ് മാധ്യമങ്ങളോടും കാര്യം പറഞ്ഞു പോകാം എന്ന സാഹചര്യം സരിതയ്ക്കില്ല. മാധ്യമങ്ങളും പഴയ പ്രാധാന്യം ഇനി സരിതയ്ക്ക് നല്‍കുമോ എന്ന് സംശയമാണ്. സഹായിക്കാന്‍ ആരുമില്ലെന്ന സാഹചര്യത്തില്‍ എന്താകും സരിതയുടെ പുതിയ പ്രതികരണമെന്നറിയാനാണ് ഇനി കേരളം കാത്തിരിക്കുന്നത്.