ഫിലിം ഡെസ്‌ക്
കോട്ടയം:തമിഴ്‌സിനിമകളുടെ റിലീസിനു സാധാരണ പാലഭിഷേകവും, ചെണ്ടമേളവും ആനയും അമ്പാരിയും എല്ലാമുണ്ടാകും. എന്നാൽ, തമിഴ്താരം ഇളയ ദളപതി വിജയുടെ ദീപാവലി റിലീസ് ചിത്രമായ സർക്കാർ ദീപാവലി ദിവസമായ ഇന്ന് റിലീസ് ചെയ്യുമ്പോൾ, ഈ ആഘോഷങ്ങളെല്ലാം അരങ്ങേറുക ചങ്ങനാശേരിയിലെ ഒരു കതിർ മണ്ഡപത്തിലാണ്. സിനിമയുടെ റിലീസ് ദിനത്തിലെ ആഘോഷങ്ങൾക്കായി നീക്കി വച്ചിരുന്ന തുക മുഴുവനും നിർധന പെൺകുട്ടിയുടെ വിവാഹത്തിനായി മാറ്റി വച്ച് മാതൃകയാകുകയാണ് കോട്ടയം ജില്ലയിലെ വിജയ് ഫാൻസ് അസോസിയേഷൻ.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രമായി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വാന്തനത്തിലെ അന്തേവാസിയും ചങ്ങനാശ്ശേരി ചീരംചിറ സ്വദേശിനിയുമായ കെ.എം.മോനിഷയുടെ വിവാഹമാണ് അതിന്റെ എല്ലാ തനിമയോടും കൂടി വിജയ് ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്നത്. ചീരംഞ്ചിറ മണ്ണാത്തിപറമ്പിൽ സിബി അപ്പു-ഉഷ ദമ്പതികളുടെ മകനും കൊരിയർ സർവിസ് ജീവനക്കാരനുമായ സിനു സിബിയാണ് മോനിഷയ്ക്ക് താലി ചാർത്തുന്നത്. വിവാഹ ചടങ്ങുകളിൽ ആദ്യാവസാനം വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.
സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷ പരിപാടികൾക്കായി ജില്ലയിലെ എല്ലാ യൂണിറ്റ് കമ്മിറ്റുകളും ചേർന്ന് ലക്ഷങ്ങളാണ് സ്വരുക്കൂട്ടിയിരുന്നത്. കോട്ടയം നഗരത്തിൽ മാത്രം അനുപമ, അനശ്വര, ആനന്ദ് തീയറ്ററുകളിലും ചങ്ങനാശേരിയിലെ രണ്ട് തീയറ്ററിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പുലർച്ചെ ഏഴു മണിക്കുള്ള ഫാൻസ് ഷോ മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ മാറ്റിനിയോടെയാണ് സാധാരണ അവസാനിക്കാറാണ്. ആഘോഷങ്ങൾ കഴിയുമ്പോഴേയ്ക്കും ലക്ഷങ്ങളാണ് പൊടിച്ചു തീർക്കുക.
പതിവ് ആഘോഷങ്ങൾക്കായി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ സാധാരണ സ്വന്തം പോക്കറ്റിൽ നിന്ന് ഫണ്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ വിവിധ സ്‌പോൺസർഷിപ്പ് വകയിലും തുക ലഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ സർക്കാരിന്റെ റിലീസിനു മുന്നോടിയായുള്ള തയ്യാറെടുപ്പ് ചർച്ചകൾക്കിടെയാണ് നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തിയാലോ എന്ന ആലോചന ഉടലെടുത്തത്. ഇതിനിടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിന്റെ കേന്ദ്രത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന്റെ വിവരങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. തുടർന്നാണ് അസോസിയേഷൻ ഈ പെൺകുട്ടിയുടെ വിവാഹത്തിനു വേണ്ട സഹായം നൽകാൻ തീരുമാനിച്ചത്.
85000 രൂപ ചിലവിട്ട് മൂന്നര പവൻ സ്വർണ്ണം, മൂന്ന് ലക്ഷം രൂപ വിലവരുന്ന വിവാഹ ഒരുക്കത്തിന്റെ ചിലവുകൾ എല്ലാം വിജയ് ഫാൻസ് അസോസിയേഷൻ സ്വന്തം നിലയിൽ ഏറ്റെടുത്ത് നടത്തുകയാണ്. ആഘോഷത്തിന് മാറ്റുകൂട്ടാൻ കരുതിവെച്ച തുക വിനിയോഗിച്ച് വിജയ് സിനിമ റിലീസാകുന്ന ദിവസം തന്നെ പെൺകുട്ടിയുടെ മംഗല്യം നടത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കോട്ടയത്തെ വിജയ് ഫാൻസ് അസോസിയേഷൻ. വിവാഹശേഷം നൂൺഷോ അവസാനിക്കുന്ന ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ ഇരുവരും കോട്ടയം അനുപമ തീയറ്ററിൽ എത്തുമെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.