
കൊച്ചി: മന്ത്രി ശശീന്ദ്രനെ ചാനല്‍ പ്രവര്‍ത്തക ഹണി ട്രാപ്പില്‍ പെടുത്തിയത് പോലീസിന്റെ കൂടി സഹായത്താലാണെന്ന് സംശയം. ഇത്തരത്തില്‍ സ്ത്രീകളുമായി ഇടപെടാന്‍ സാധ്യതയുള്ളവരെ തെരഞ്ഞ്പിടിച്ച് വലവീശുകയായിരുന്നു ചാനലെന്നും റിപ്പോര്‍ട്ട്. ശശീന്ദ്രനെപ്പോലെ രാത്രി സംഭാഷണ പ്രിയരായ രണ്ട് മന്ത്രിമാര്‍ കൂടി ഹണിട്രാപ്പില്‍ കുടുങ്ങി. ഇത്തരത്തില്‍ മന്ത്രിമാരെ സെലക്ട് ചെയ്യുന്നതിനുംമറ്റും പൊലീസിന്റെ സഹായവും കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരെത്തിയത്. ജ്യുഡീഷ്യല്‍ അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ പൊലീസുകാരേയും ചോദ്യം ചെയ്യും.
മാസങ്ങളായി മന്ത്രിയുടെ പിന്നാലെയായിരുന്നു ഹണി ട്രാപ്പ് സംഘം. ശശീന്ദ്രന്റെ അപ്പോഴപ്പോഴുള്ള നീക്കങ്ങള്‍ കൈമാറിയിരുന്നത് മന്ത്രിയുടെ സുരക്ഷാസംഘത്തില്‍ തന്നെയുള്ള ഒരു പൊലീസുദ്യോഗസ്ഥനാണ്. സ്വന്തം പാര്‍ട്ടിക്കാരനാണെന്ന് പറഞ്ഞ് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്റെ സഹായത്തോടെ മന്ത്രിയുടെ സുരക്ഷാസംഘത്തില്‍ കയറിപ്പറ്റുകയായിരുന്നു ഇയാള്‍. ചിലപ്പോഴൊക്ക മന്ത്രിയോടൊപ്പം ഇയാള്‍ കാറില്‍ സഞ്ചരിച്ചിട്ടുമുണ്ട്. മന്ത്രിയെ ഫോണില്‍ കുടുക്കിയ യുവതിയുമായി ഈ പൊലീസുദ്യോഗസ്ഥന് അടുത്തബന്ധമുണ്ടെന്നാണ് വിവരം. ഈ പൊലീസുകാരനെ ചുറ്റിപ്പറ്റിയും അന്വേഷണം നീങ്ങുന്നുണ്ട്. ഇതിനിടെ മന്ത്രിസഭയിലെ ശൃംഗാര പ്രിയരെ മംഗളത്തിന് പരിചയെപ്പെടുത്തി കൊടുത്തത് പൊലീസിലെ ഉന്നതനാണെന്നാണ് വിവരം.
ശശീന്ദ്രന് ഉള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് രാത്രികാലങ്ങളില്‍ സ്വകാര്യ ഫോണുകളില്‍ കൂടി സഭ്യമല്ലാത്ത സംഭാഷണം നടത്തുന്ന സ്വഭാവമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് പൊലീസാണ്. ഹണി ട്രാപ്പിലേക്ക് കാര്യങ്ങളെത്തിച്ചത് ഇതായിരുന്നു. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും മറ്റും ഫോണുകള്‍ ചോര്ത്തുന്നതിനിടയില് ലഭിച്ചതാണ് ഈ വിവരം. ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ പ്രവര്‍ത്തകര്‍ക്ക് പൊലീസില്‍ നിന്ന് ഈ വിവരം കിട്ടിയതായി ഇപ്പോള്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പില്‍ പെടുത്തേണ്ട മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത് ഇങ്ങനെയായിരുന്നുവെന്നാണ് സൂചന.
യുവതി തിരുവനന്തപുരം നഗരത്തില്‍ ഒരു വീട് എടുത്ത് താമസിച്ചാണ് ഹണി ട്രാപ്പിന് കളമൊരുക്കിയത്. യുവതിയുടെ താമസവും ബന്ധപ്പെടുന്ന ആളുകളെക്കുറിച്ചുമെല്ലാം പൊലീസിലെ ഉന്നതോദ്യോഗസ്ഥന്മാര്ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇവരാരും വിവരം ഇന്റലിജന്‍സ് വിഭാഗത്തെയോ മന്ത്രിയെയോ അറിയിച്ചില്ല. ഇതെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഏതെങ്കിലും ഏജന്‍സി അന്വേഷണം നടത്തിയാല്‍ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്ക് സഹായം ലഭിച്ചേക്കും. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
മന്ത്രിയുമായി സംഭാഷണം നടത്തിയ അജ്ഞാത സ്ത്രീയെ പുറത്തുകൊണ്ടുവരുന്നതിനും ജുഡിഷ്യല്‍ അന്വേഷണമാണ് നല്ലതെന്ന നിയമോപദേശമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. യുവതി ബന്ധപ്പെട്ട മറ്റ് ഫോണ്‍ നമ്പരുകളും പിടിച്ചെടുക്കാന്‍ ജുഡിഷ്യല്‍ കമ്മിഷന് കഴിയും. ഹണി ട്രാപ്പില്‍ പെട്ട മറ്റ് രണ്ട് മന്ത്രിമാരെ രക്ഷിക്കാനാണ് ഇതെന്നാണ് സൂചന. ശശീന്ദ്രന് ഇന്നലെ രാവിലെ ക്ളിഫ്ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ടവരുമായി പൊലീസ് അന്വേഷണ സാദ്ധ്യത വിലയിരുത്തി.
പിന്നീട് ഉന്നതോദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളെ തുടന്ന് ജുഡിഷ്യല്‍ അന്വേഷണം തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഡി.ജി.പി ലോകനാഥ് ബെഹ്റയെയും വിളിച്ചുവരുത്തി പൊലീസ് അന്വേഷണ സാദ്ധ്യത മുഖ്യമന്ത്രി ആരാഞ്ഞു. പരാതിക്കാരില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യല്‍ അന്വേഷണം എത്തുന്നത്.