
കൊച്ചി: ഫോണ്‍ വിവാദത്തില്‍ രാജി വച്ച മന്ത്രി ശശീന്ദ്രന് തിരികെ വരാമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. അദ്ദേഹത്തിന് അഗ്നിശുദ്ധി വരുത്തി തിരികെ വരാമെന്നാണ് ഉഴവൂര്‍ വിജയന്റെ നിലപാട്. നിലവിലെ സാഹചര്യം ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. ശശീന്ദ്രന് മടങ്ങിവരാമെന്ന് ശരദ്പവാറും ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുള്ള പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഴവൂര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ മന്ത്രി സ്ഥാനത്തേയ്ക്ക് ശശീന്ദ്രനെ ഇനി പരിഗണിക്കേണ്ടതില്ലാ എന്ന പാര്‍ട്ടി നിലപാടെന്ന് വ്യക്തമായി. മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശങ്കയൊന്നുമില്ല. കാര്യങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് മനസിലായി കഴിഞ്ഞൂവെന്നും ഏറ്റവും വലിയ വിധി ജനങ്ങളില്‍ നിന്നാണ് ലഭിക്കേണ്ടതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയും മുന്നണിയും ചേര്‍ന്ന് തീരുമാനമെടുക്കും. ഇക്കാര്യം ദേശിയ നേതൃത്വവുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയുമായുള്ള സ്വകാര്യ സംഭാഷണം ഒരു സ്വകാര്യ ചാനലിലൂടെ പുറത്ത് വന്നതോടെയാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാല്‍ ഇത് സ്റ്റിങ്ങ് ഓപ്പറേഷനാണെന്ന് കഴിഞ്ഞ ദിവസം ചാനല്‍ മേധാവി തന്നെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര എല്‍.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ചേരുന്നത്.