
ചെന്നൈ: തമിഴ്നാടിലെ രാഷ്ട്രീയ പ്രതിസന്ധി ഗുരുതരമാകുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജയലളിതുടെ മരണം സംബന്ധിച്ച വിവാദം പുകയുന്നു. മരണത്തെ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ച പനീര്‍ശെല്‍വത്തിനെ എതിര്‍ക്കുന്ന ശശികല അമ്മയ്ക്ക് അത് മാനക്കേടാണെന്ന് പറഞ്ഞ് ഒഴിയുകയാണ്. വളരെ രഹസ്യ സ്വഭാവത്തോട് കൂടി ദുരൂഹമായ രീതിയില്‍ ചികിത്സിക്കപ്പെട്ട ജയലളിതയുടെ അവസ്ഥയെക്കുറിച്ച് അന്നേ പല കഥകളും പ്രചരിച്ചിരുന്നു.
എന്നാല്‍ കത്തിനില്‍ക്കുന്ന ജയലളിതയുടെ മരണം സംബന്ധിച്ച വിവാദത്തെ തണുപ്പിക്കാന്‍ അവരുടെ ആശുപത്രി വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശശികല രംഗത്തെത്തി. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശശികല കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജയലളിതയുടെ മരണം സംബന്ധിച്ച ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി.
അമ്മയോടൊപ്പം പോയസ് ഗാര്‍ഡനില്‍ ഞാന്‍ 33 വര്‍ഷമുണ്ടായിരുന്നു. ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന് അവിടുത്തെ ആളുകള്‍ക്കറിയാം. അമ്മ ആശുപത്രിയിലുണ്ടായിരുന്ന 75 ദിവസവും ഞാന്‍ കൂടെയുണ്ടായിരുന്നു. അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമറിയാം ഞാനെങ്ങനെയാണ് അവരോട് പെരുമാറിയിരുന്നതെന്ന്. പുറത്തുള്ളവര്‍ പറയുന്നത് എനിക്ക് പ്രശ്നമല്ല. എന്റെ മനസാക്ഷി ശുദ്ധമാണ്.
അമ്മ ഇല്ലാതായതിന്റെ ദുഖം എനിക്ക് മാത്രമറിയാവുന്നതാണ്. അവരെ ഓരോ നിമിഷവും എങ്ങനെ ഞാന്‍ പരിചരിച്ചിരുന്നുവെന്ന് എപ്പോഴും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഡിഎംകെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ല. എന്നാല്‍ ഇത്രയും നാളും ഞങ്ങളോടൊപ്പമുണ്ടായിരുന്ന പനീര്‍ശെല്‍വം പറയുമ്പോള്‍ അത് സഹിക്കാനാവുന്നില്ല. അമ്മയുടെ ചികിത്സയെന്നത് ഒരു തുറന്ന പുസ്തകമാണ്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവരെ ചികിത്സിക്കാനെത്തി. ലണ്ടനില്‍ നിന്ന് ഡോക്ടറെത്തി. സിംഗപ്പൂരില്‍ നിന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ വന്നു. മരിക്കുന്ന അന്ന് ഉച്ചയ്ക്ക് ശേഷവും ഫിസിയോ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അവരോട് സംസാരിക്കുമായിരുന്നു.
അവര്‍ ടിവിയില്‍ ഹനുമാന് സീരിയല്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. ആശുപത്രിയിലായപ്പോള്‍ ഞാനത് റെക്കോര്‍ഡ് ചെയ്ത് എത്തിക്കുമായിരുന്നു. ദിവസം രണ്ടു മൂന്ന് എപ്പിസോഡുകള്‍ അവര്‍ കാണുമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ പാട്ടുകളും ഇഷ്ടമായിരുന്നു. അതും കാണും. ചികിത്സയ്ക്ക് ശേഷം നവംബര്‍ 29 ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു. അങ്ങനെയൊക്കയുള്ളപ്പോളാണ് പനീര്‍ശെല്‍വം ഇതൊക്കെ പറയുന്നത്. എത്ര അന്വേഷണ കമ്മീഷന് വന്നാലും എനിക്ക് പ്രശ്നമല്ല. ഈ പാര്‍ട്ടിയുള്ളതു കൊണ്ടാണ് പനീര്‍ശെല്‍വം ഇന്നത്തെ സ്ഥിതിയിലെത്തിയത്. ആ പാര്‍ട്ടിയെയാണ് അയാള്‍ ഇന്ന് തള്ളിപ്പറയുന്നത്. അത് അമ്മയെ വഞ്ചിക്കുന്നത് പോലെ തന്നെയല്ലേ. അതാണ് എന്നെ വേദനിപ്പിക്കുന്നത്. ശശികല പറഞ്ഞു.
ജയലളിതയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണെന്നും ശശികല പറഞ്ഞു. അവര്‍ക്ക് സുഖമില്ലാതായപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡിഎസ്പിയുടെ സഹായമാണ് ആദ്യം തേടിയത്. വളരെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. വളരെ പെട്ടന്ന് എത്തിച്ചുവെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞു. അന്വേഷണത്തെ ഞാന്‍ പ്രശ്നമാക്കുന്നില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ അവരെ എങ്ങനെയാണ് നോക്കിയതെന്ന് അറിയാം.
എന്നെ ജയലളിതയ്ക്ക് അറിയാമായിരുന്നു. എനിക്ക് മറ്റാരോടും മറുപടി പറയേണ്ട കാര്യമില്ല. പനീര്‍ശെല്‍വം വഞ്ചകനാണ്. അയാളുടെ നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായിരുന്നു. എത്ര അന്വേഷണ കമ്മീഷനെ വെച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. ശശികല പറഞ്ഞു.