
തമിഴ്നാട് രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ദിനങ്ങളാണ് കടന്നുപോകുന്നത്. ഭരണത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. പനീര്‍സെല്‍വവും ശശികലയുടെ പക്ഷത്ത് നിന്ന് പളനിസ്വാമിയും മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലി തുടരുകയാണ്. വെള്ളിയാഴ്ച ഗവര്‍ണ്ണര്‍ നിയമസഭ വിളിച്ച് ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ തമിഴ് രാഷ്ട്രീയത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശശികലയ്ക്കാകില്ലെന്ന് വ്യക്തമായി. ജയലളിതയുടെ പരാമ്പര്യം അവകാശപ്പെടാന്‍ ശശികലയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതായി കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍. ഇത് ശശികല ക്യാമ്പിന് തിരിച്ചടിയാണ്. അനധികൃത സ്വത്തുകേസില്‍ വിചാരണക്കോടതി വിധി വന്ന 2014 സെപ്റ്റംബര്‍ 27ന് രാത്രി തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം പാരപ്പന ജയിലിലേക്ക് ശശികല എത്തുമ്പോള്‍ മുദ്രാവാക്യം വിളികളാല്‍ പ്രകമ്പനം കൊള്ളുകയായിരുന്നു പരിസരം. അമ്മയ്ക്കുവേണ്ടി പ്രാണനും നല്‍കാമെന്ന വാക്കുകളാണ് അന്നു മുഴങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശശികലയും ഇളവരശിയും പ്രത്യേക വാഹനവ്യൂഹത്തില്‍ എത്തുമ്പോള്‍ നേരിടേണ്ടിവന്നതു അപമാനവും. ജയലളിതയെ 30 വര്‍ഷം വഞ്ചിച്ചുവെന്നു മുദ്രാവാക്യമുയര്‍ത്തിയാണ് ഒരുവിഭാഗം തമിഴ്നാട്ടുകാര്‍ അക്രമാസക്തരായത്. വാഹന വ്യൂഹത്തില്‍ പിന്നിലുണ്ടായിരുന്ന നാലു വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു.
33 വര്‍ഷമായി അമ്മയെ കബളിപ്പിച്ച ‘ചിന്നമ്മ’യെ നൂറു വര്‍ഷം ജയിലിലിടണമെന്നാണ് എഐഎഡിഎംകെയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടേയും അഭിപ്രായം. ഗ്രീന്‍സ്വേ റോഡില്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ വസതിക്കു സമീപം തടിച്ചുകൂടിയ വനിതാപ്രവര്‍ത്തകര്‍ ശാപവാക്കുകളോടെയാണ് ശശികലയ്ക്കെതിരായ കോടതിവിധിയെ സ്വീകരിച്ചത്. ”നാട് ഭരിക്കാന്‍ വന്നിരിക്കുന്നു, ഇനി ജയിലില്‍ പോയി സിഡി വില്‍ക്കട്ടെ”-ഇങ്ങനെയാണ് ജനങ്ങളുടെ പ്രതികരണം
ജയിലില്‍ തനിക്ക് ലഭിക്കേണ്ട പ്രത്യേക പരിഗണനയെക്കുറിച്ച് നേരത്തെ ശശികല ജയിലധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പ്രത്യേക സെല്‍ ഒരുക്കുമെന്നും എന്നാല്‍ ഭക്ഷണം ജയിലിലെ തന്നെ കഴിക്കേണ്ടിവരുമെന്നുമാണ് അറിയുന്നത്. മെഴുകുതിരി നിര്‍മ്മാണമോ ചന്ദനത്തിരി നിര്‍മ്മാണമോ ചെയ്യേണ്ടി വരും കൂലിയായി ദിവസം അമ്പത് രൂപയും ലഭിക്കും. ശിക്ഷാ പ്രതികള്‍ ജയിലില്‍ ജോലിയെടുക്കേണ്ടതുണ്ട്.
ശശികലയ്ക്ക് വേണ്ടത്ര ജനപിന്തുണ കിട്ടാത്ത് അണ്ണാ ഡിഎംകെയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജയിലിന് മുമ്പിലെ സംഭവങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചു. ജയലളിതയുടെ വരവിനെ അനുസ്മരിപ്പിച്ച് പത്ത് വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് ശശികലയും എത്തിയത്. ജയിലിന് അര കിലോമീറ്റര്‍ അകലെ ബാരിക്കേഡ് ഉയര്‍ത്തി, പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനം തടിച്ചുകൂടിയിരുന്നു. ഹൊസ റോഡില്‍നിന്നു ജയില്‍ റോഡിലേക്ക് വാഹനവ്യൂഹം തിരിഞ്ഞതോടെ പിന്നിലെ വാഹനങ്ങള്‍ക്കുനേരെ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. മുഷ്ടിചുരുട്ടിയും കല്ലുകൊണ്ടും വാഹനങ്ങളില്‍ ഇടിച്ചും നമ്പര്‍ പ്ലേറ്റുകള്‍ ചുരുട്ടി മടക്കിയും വാഹനങ്ങളുടെ ഡോറില്‍ പിടിച്ചുവലിച്ചും അവര്‍ പ്രതിഷേധിച്ചു.
കലി തീരാതെ ശാപവാക്കുകള്‍ ചൊരിയുകയും ചെരിപ്പൂരി വാഹനങ്ങളില്‍ അടിക്കുകയും ചെയ്തു. ഒടുവില്‍ പൊലീസ് ലാത്തി വീശിയതോടെയാണ് സ്ഥിതിഗതി നിയന്ത്രണവിധേയമായത്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പിന്നീട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ജഡ്ജി അശ്വത്ഥ നാരായണയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി, സെന്‍ട്രല്‍ ജയില്‍ വളപ്പിലേക്ക് മാറ്റിയത്. നഗരത്തിലെ സിറ്റി സിവില്‍ കോടതിയില്‍നിന്നു കോടതിമുറി ജയിലിലേക്ക് മാറ്റാന്‍ ബെംഗളൂരു സിറ്റി പൊലീസ് നല്‍കിയ അപേക്ഷ ഹൈക്കോടതി രജിസ്റ്റ്രാര്‍ അംഗീകരിക്കുകയായിരുന്നു.
ബംഗുളൂരുവിലെ ജയിലിലേയ്ക്ക് പുറപ്പെട്ട ശശികല മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തുകയും കൈകള്‍ കൂപ്പി എന്തൊക്കെയോ പറയുകയും തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയ ശേഷം കല്ലറയില്‍ ആഞ്ഞടിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്. മൂന്ന് തവണ ശവകുടീരത്തില്‍ തൊട്ടു വണങ്ങുകയും ചെയ്തിരുന്നു. എന്തു കാര്യത്തിനു മുന്‍പും ജയലളിതയോട് അനുവാദം ചോദിക്കുന്ന പതിവാണ് ഇന്നും ആവര്‍ത്തിച്ചതെന്നാണ് ശശികല അനുയായികള്‍ പറയുന്നത്. വഞ്ചകനായ പനീര്‍ശെല്‍വത്തോടും കൂട്ടരോടും പകരം ചോദിക്കും എന്നതാണ് ശപഥമെന്നും അനുയായികള്‍ പറയുന്നു.
ഇതിനിടയില്‍ പനീര്‍സെല്‍വം ക്യാമ്പ് ആശ്വാസത്തിലാണ്. കനത്ത പൊലീസ് കാവലുള്ള പനീര്‍ശെല്‍വത്തിന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയിരുന്നു. വീട്ടുപരിസരത്തു പലയിടങ്ങളിലായി എല്‍സിഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. കോടതിവിധിയും ആഘോഷവും പനീര്‍സെല്‍വം ക്യാംപ് നേരത്തേതന്നെ പ്രതീക്ഷിച്ച മട്ടിലായിരുന്നു ഒരുക്കങ്ങള്‍. നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിക്കുകയാണ്. ”അമ്മയുടെ ആത്മാവ് നമ്മോടൊപ്പമുണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. അമ്മ തുടങ്ങിവച്ച എല്ലാ പദ്ധതികളും വിജയകരമായി നടപ്പാക്കും. അമ്മയുടെ സര്‍ക്കാര്‍ തുടരും” -ഇങ്ങനെ പോകുന്നു മുദ്രാവാക്യം വിളികള്‍.