ശശികല ജയിലിന് പുറത്ത് പോയത് എന്തിന്? ബാഗുമായി ഷോപ്പിങ്

എഐഎഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്ന പുതിയ വാര്‍ത്ത കര്‍ണാടകത്തില്‍ നിന്ന്. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി വികെ ശശികല ജയിലിന് പുറത്തേക്ക് പോയിരുന്നുവെന്ന വിവരമാണ് വരുന്നത്.

ഈ രംഗങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയ്ക്ക് ജയിലില്‍ വിശാലമായ സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന് നേരത്തെ ആരോപണം ഉന്നയിച്ചിരുന്ന മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് ദൃശ്യങ്ങള്‍ എസിബിക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

ശശികല എന്തിന് പുറത്തുപോയി. ആരാണ് സൗകര്യം ചെയ്തുകൊടുത്തത്. ഇവരിപ്പോഴും തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

പുറത്തേക്ക് പോകുമ്പോള്‍ ശശികലയ്‌ക്കൊപ്പം ജയിലില്‍ കഴിയുന്ന ബന്ധു ഇളവരശിയും ഉണ്ടായിരുന്നു. അവര്‍ ജയില്‍ വസ്ത്രമല്ല ധരിച്ചിരുന്നത്. സാധാരണ വേഷമാണ് സിസിടിവിയില്‍ കാണുന്നത്.

അഴിമതി കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികലയും കൂട്ടുപ്രതികളും ഇപ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. ഇവര്‍ ജയിലില്‍ തടവുകാരെ പോലയല്ല കഴിയുന്നതെന്ന് നേരത്തെ ഡിഐജി രൂപ വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് രൂപക്കെതിരേ ഉന്നത രാഷ്ട്രീയ തലത്തില്‍ നിന്നു വിമര്‍ശനം ഉയരുകയും അവര്‍ക്ക് ജയില്‍ ഡിഐജി പദവി തെറിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് എസിബി ഏറ്റെടുക്കുകയായിരുന്നു. രൂപ ഇപ്പോള്‍ ട്രാഫിക്കിലാണ്.

എസിബി ഉദ്യോഗസ്ഥര്‍ രൂപയെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് ചോദ്യാവലി നല്‍കി. ഇതിനുള്ള മറുപടി കഴിഞ്ഞദിവസം രൂപ എഴുതി നല്‍കി. അതോടൊപ്പമാണ് വീഡിയോ ദൃശ്യങ്ങളും കൈമാറിയത്.

ശശികലയും ഇളവരശിയും ജയിലിന് പുറത്തേക്ക് പോയിരുന്നുവെന്ന ആരോപണം ബലപ്പെടുകയാണിപ്പോള്‍. സിസിടിവിയില്‍ സാധാരണ വസ്ത്രം ധരിച്ച് കൈയില്‍ ബാഗുമായി നടക്കുന്ന ശശികലയെ ആണ് കാണുന്നത്.

ജയിലിന്റെ പ്രധാന കവാടത്തിലേക്ക് നടക്കുന്നതാണ് ദൃശ്യം. ഇവിടെയാണ് പുരുഷ പോലീസുകാര്‍ ഉള്ളത്. വനിതാ ജയിലിനകത്ത് പുരുഷ പോലീസുകാര്‍ ഉണ്ടാവാറില്ല. എന്നാല്‍ സിസിടിവിയില്‍ പുരുഷന്‍മാരെ കാണുന്നുണ്ട്. പ്രധാന കവാടത്തിന് അടുത്താണ് പുരുഷന്‍മാര്‍ ഉണ്ടാകുക.

ഷോപ്പിങിന് പോകുന്ന മട്ടിലാണ് ശശികലയും ഇളവരശിയും നടന്നുനീങ്ങുന്നത്. രണ്ടു പേരുടെ കൈയിലും ബാഗുണ്ട്. ഇവര് എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് വ്യക്തമായ വിവരം വന്നിട്ടില്ല.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഇവര്‍ക്കുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. അല്ലാതെ ജയിലില്‍ സാധാരണ വസ്ത്രം ധരിക്കാന്‍ സാധിക്കില്ല. പുറത്തേക്ക് പോകണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ പറ്റില്ല.

രൂപ ഐപിഎസ് എസിബിക്ക് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ സിസിടിവിയില്‍ നിന്നെടുത്ത പകര്‍പ്പാണ് ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.

Top