ചെന്നൈ: ശശികലയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടി ഇനി ജയില്‍വാസം കാത്തിരിക്കുന്ന ശശികല അവസാന തന്ത്രങ്ങളുമായി എംഎല്‍എമാര്‍ക്കൊപ്പം കൂവത്തൂരില്‍. അതേ സമയം റിസോര്‍ട്ടിലേയ്ക്ക് എത്തുമെന്ന് പനിര്‍ശെല്‍വവും പ്രഖ്യാപിച്ചതോടെ മേഖല സംഘര്‍ഷഭരിതമായി. ഇതോടെ കൂവത്തൂരിലെ റിസോര്‍ട്ട് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പൊലീസ് സന്നാഹമാണ് റിസോര്‍ട്ട് പരിസരത്ത് തമ്പടിച്ചിരിക്കുന്നത്.
ശശികലയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തേക്ക് സുപ്രീം കോടതി ശിക്ഷിച്ചതോടെ പൊതുമരാമത്ത് മന്ത്രി ഇടപ്പാടി പളനിസ്വാമിയെ ചിന്നമ്മ ക്യാമ്പ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം തേടി പളനിസാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലേക്ക് തിരിച്ചു. വൈകിട്ട് 5.30ന് ആണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായുള്ള കൂടിക്കാഴ്ച.
ശശികല സ്വയം കീഴടങ്ങട്ടേയെന്നാണ് ബംഗലൂരൂ പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാനില്ലെന്നും പൊലീസ് അറിയിച്ചു.
സുപ്രീം കോടതി നാല് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും 10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ബംഗലൂരുവിലെ പരപ്പന അഗ്രഹാര കോടതിയില്‍ കീഴടങ്ങേണ്ടി വരും. ജഡ്ജ് അശ്വത് നാരായണന് മുമ്പാകെയാണ് ചിന്നമ്മ കീഴടങ്ങുക. കോടതിക്ക് മുന്നില്‍ കീഴടങ്ങിയാല്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലയെ മാറ്റും. എന്നാല്‍ കീഴടങ്ങാനുള്ള സമയം കൂട്ടിച്ചോദിക്കാനാണ് ശശികല ക്യാമ്പിന്റെ തീരുമാനം. സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും അണ്ണാഡിഎംകെ അറിയിച്ചു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടാണ് ശശികല പക്ഷം കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചത്.
പനീര്‍ശെല്‍വം അടക്കം 19 പേരെയാണ് ശശികല പക്ഷം പുറത്താക്കിയത്. ഇതില്‍ എട്ട് എംഎല്‍എമാരും ഉള്‍പ്പെടും. എംഎല്‍എമാരുടെ പിന്തുണ തേടി പനീര്‍ശെല്‍വം കൂവത്തൂരിലേക്ക് തിരിച്ചു. പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എംഎല്‍എമാരും എംപിമാരും കൂവത്തൂരിലേക്ക് ഒപ്പമുണ്ട്.
ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു എന്നാണ് പനീര്‍ശെല്‍വത്തിന്റെ ആദ്യപ്രതികരണം. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും പനീര്‍ശെല്‍വം പറഞ്ഞു. പിന്തുണ ചോദിച്ച് എംഎല്‍മാര്‍ക്ക് പനീര്‍ശെല്‍വം തുറന്ന കത്തെഴുതി. താല്‍ക്കാലികമായുള്ള പ്രശ്‌നങ്ങള്‍ മറന്നുകളയണമെന്നും എല്ലാവരും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഗുണമായ തീരുമാനമെടുക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കണമെന്നാണ് ആവശ്യം.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരി തന്നെയെന്നാണ് സുപ്രീം കോടതി വിധി. ശശികല ഉള്‍പ്പെടെയുളളവര്‍ നാലുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കണമെന്ന വിചാരണക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. ജയലളിതയും ശശികലയും കുറ്റക്കാരല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. ജയലളിത ഉള്‍പ്പെടെയുളള നാലുപ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി നാലുവര്‍ഷത്തേക്കായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി ശരിവെച്ചത്.