സ്വന്തം ലേഖകൻ
പാലക്കാട്: ഹിന്ദു ഐക്യവേദി നേതാവും വർഗീയ പ്രസംഗകയുമായ ശശികല ടീച്ചർക്കെതിരെ നാട് ഒന്നിച്ച് പ്രതിഷേധവുമായി രംഗത്ത്. കേരളത്തിലെമ്പാടും വർഗീയ പ്രസംഗവും അസമത്വവും പ്രചരിപ്പിക്കുന്ന ശശികല ടീച്ചർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന ആവശ്യവുമായാണ് നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്. ജനകീയ പ്രതിഷേധവുമായി വല്ലപ്പുഴ ജനകീയ പ്രതികരണ വേദിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശശികല അധ്യാപികയായി ജോലി ചെയ്യുന്ന വല്ലപ്പുഴ സർക്കാർ സ്‌കൂളിൽ നിന്നും ശശികലയെ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് വല്ലപ്പുഴ ജനകീയ പ്രതികരണ വേദി രംഗത്തെത്തിയത്.
ശശികലയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴയിൽ ജനകീയ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണിക്ക് അപ്പംകണ്ടം സെന്ററിൽ നിന്നുമാണ് മാർച്ച് ആരംഭിക്കുന്നത്.
കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളിൽ ശശികലമാരെ പോലെയുള്ള ടീച്ചർമാരെ നിലനിർത്തുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ആർ.എസ്.എസിനെ പ്രചോദിപ്പിക്കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി പറയുന്നു.
ശശികലയുടെ വർഗീയ പ്രസംഗങ്ങൾ നവമാധ്യമങ്ങളിലൂടെയടക്കം സജീവമാകുന്നതിനിടയിലാണ് നാട്ടുകാരുടെ പ്രതിഷേധം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ കാസർകോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി ഷുക്കൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.