ശശികലയ്ക്ക് കനത്ത തിരിച്ചടി; ചിന്നമ്മ ഇനി നാലുവര്‍ഷം അഴിക്കുള്ളില്‍; ‘തമിഴ് നാടകത്തിന്’ ആന്റി ക്ലൈമാക്‌സില്‍

ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായ സുപ്രീം കോടതി വിധി. അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശശികലയ്ക്കും കൂട്ടാളികള്‍ക്കും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. വിചാരണ കോടതി വിധിച്ച ശിക്ഷ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട ശശികലയ്ക്ക് നാലുവര്‍ഷം അഴിക്കുള്ളില്‍ കഴിയേണ്ടിവരും. രണ്ട് പതിറ്റാണ്ടു നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.

നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ച ശിക്ഷ.
ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 10 വര്‍ഷത്തേക്ക് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതിവിധി കനത്ത തിരിച്ചടിയായി. ജഡ്ജിമാരായ പി.സി ഘോഷ്, അമിതാവ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തരിച്ച ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 – 96 കാലത്ത് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സുപ്രധാന വിധി. വിചാരണ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ശശികല അടക്കമുള്ളവരെ വെറുതെവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ചൊവ്വാഴ്ച രാവിലെയും ശശികല. സുപ്രീം കോടതിയില്‍നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്ന് രാവിലെ അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ജയലളിത മരിച്ചതിനുശേഷം എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഒരുക്കങ്ങള്‍പോലും തുടങ്ങി. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായത്.
തൊട്ടുപിന്നാലെ മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തില്‍ എത്തിയ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തന്നെ നിര്‍ബന്ധിച്ചാണ് രാജിവെപ്പിച്ചതെന്ന വെളിപ്പെടുത്തല്‍ നടത്തി. ജനപിന്തുണയുള്ള താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജയലളിത ആഗ്രഹിച്ചിരുന്നതെന്നും വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം എ.ഐ.എ.ഡി.എം.കെയിലെ എം.എല്‍.എമാരുടെ യോഗം വിളിച്ചശേഷം ശശികല അവരെ റിസോര്‍ട്ടിലേക്ക് മാറ്റി.

Top