എസ് വി പ്രദീപ്
ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രി ആകില്ല. എന്നാല്‍ എ ഐ എ ഡി എം കെയുടെ പരമോന്നത പദവിയായ ജനറല്‍ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കും. അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജയലളിതയുടെ മണ്ഡലമായിരുന്ന രാധാകൃഷ്ണ നഗറില്‍ (ആര്‍ കെ നഗര്‍) നിന്നും ശശികല ജനവിധി തേടും. തമിഴകത്തെ പ്രമുഖനായ സിനിമാതാരം എ ഐ എ ഡി എം കെ യുടെ പ്രചാരണം നയിക്കും. ഈ വര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ നിന്നും 39,545 വോട്ടിനാണ് ഡി എം കെ യുടെ ഷിംല മുത്തുചോഴനെ ജയലളിത പരാജയപ്പെടുത്തിയത്.
മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നും ശശികലയ്ക്കായി വഴിമാറാമെന്നും ഒ. പനീര്‍ശെല്‍വം അറിയിച്ചുകഴിഞ്ഞു. എന്നത്തേയും പോലെ രണ്ടാമനായി തുടരാനാണ് പനീര്‍ശെല്‍വത്തിന് താല്‍പര്യം. എന്നാല്‍ തല്‍ക്കാലം മുഖ്യമന്തി കസേര ഏറ്റെടുക്കാതെ നിയമസഭായില്‍ അംഗത്വം നേടിക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ശശികലയുടെ തീരുമാനം.
സംസ്ഥാനത്താകെ ജയലളിതയുടെ ഓര്‍മ്മ ഉണര്‍ത്തി ഉടന്‍ തന്നെ പര്യടനം നടത്താനും ശശികല ലക്ഷ്യമിടുന്നു. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം സാധ്യമാക്കുകയാണ് ശശികലയുടെ ലക്ഷ്യം. അതുവഴി പാര്‍ട്ടിയിലെ അനിഷേധ്യ സാന്നിധ്യവും. ജയലളിതയുടെ ജനക്ഷേമ സ്വപ്നപദ്ധതികള്‍ തന്നെയാണ് ശശികലയുടെ പ്രചാരണ വിഷയം.
ജയലളിതയുടെ മാനസപുത്രനായ സിനിമാനടനെ മുന്‍നിറുത്തി ശശികലയ്ക്ക് ബദല്‍ ഒരുക്കാന്‍ ശശികലാവിരുദ്ധ ക്യാമ്പ് തീവ്രശ്രമത്തിലാണ്. എന്നാല്‍ രാഷ്ട്രിയ പ്രവേശനകാര്യത്തില്‍ ഈ താരം അടുപ്പക്കാരോട് പോലും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. നരേന്ദ്രമോദിക്കും അമിത്ഷാക്കും താല്‍പര്യം ശശികലയെ ആണെന്നാണ് സൂചന. ജയലളിതയുടെ ആത്മമിത്രമായിരുന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ വഴി ബി ജെ പി ദേശീയ നേതൃത്വം ശശികലയുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. 2019 ലോകസഭാ തെരഞ്ഞെടുപ്പ് വരെ തമിഴ്നാട്ടില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക് സാഹചര്യം ഇല്ലെന്നാണ് തമിഴകം നല്‍കുന്ന സൂചന. 2019 തെരഞ്ഞെടുപ്പ് ഫലം എന്തായാലും രാഷ്ട്രീയ ചുഴലികൊടുങ്കാറ്റിന് കാരണമാവുകയും ചെയ്യും.
എസ് വി പ്രദീപ്, ന്യൂസ് എഡിറ്റര്‍, മംഗളം ടെലിവിഷന്‍. 9495827909 https://www.facebook.com/svpradeeptvm