ശശികല ഓട്ടോകാരന്റെ കുഞ്ഞിന് പേരിട്ടു ജയലളിത; അമ്മയുടെ പാത പിന്തുടര്‍ന്ന് ശശികലയും; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ ?

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പാതകള്‍ പിന്തുടര്‍ന്ന് ‘ചിന്നമ്മയും’ പാര്‍ട്ടിപ്രവര്‍ത്തകരുടെ മക്കള്‍ക്കു പേരിടുന്ന പതിവു നേതാക്കള്‍ക്കുണ്ട്. ജയലളിതയും ഇത്തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുഞ്ഞുങ്ങള്‍ക്കു പേരിട്ടിട്ടുണ്ട്. ഈ പാതയാണു ശശികലയും പിന്തുടരുന്നത്.

അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ മകള്‍ക്കു ‘ജയലളിത’ എന്നാണു ശശികല പേരിട്ടത്. തേനി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സെന്തിലും ഗായത്രിയും പെണ്‍കുഞ്ഞുമായി പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വസതിയില്‍ തോഴി ശശികലയെ കാണാന്‍ എത്തുകയായിരുന്നു. തുടര്‍ന്നാണു കുഞ്ഞിനു ശശികല പേരിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ജയലളിത പേരവൈ പ്രമേയം പാസാക്കി. ജയയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. റവന്യു മന്ത്രിയും പേരവൈ സംസ്ഥാന സെക്രട്ടറിയുമായ ആര്‍.ബി.ഉദയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പോയി ശശികലയ്ക്കു പ്രമേയം കൈമാറുകയും ചെയ്തു.

ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്തു ചേര്‍ന്ന യോഗത്തിലാണു സംഘടന പ്രമേയം പാസാക്കിയത്. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനന്‍, മന്ത്രിമാരായ കാടാമ്പൂര്‍ രാജു, സേവൂര്‍ എസ്.രാമചന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം.തമ്പിദുരൈ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ശശികലയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ജയലളിത തന്നെയാണു വഹിച്ചിരുന്നത്. എംജിആറിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ അണ്ണാ ഡിഎംകെ നേതൃത്വം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ശശികലയും ഈ പാത പിന്തുടരുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

ഇതിനുള്ള കരുനീക്കങ്ങള്‍ ശശികല തുടങ്ങിയെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. കുഞ്ഞുങ്ങള്‍ക്കു പേരിടലും പോയസ് ഗാര്‍ഡനു മുന്നില്‍ നിന്നു പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കലുമൊക്കെ ജയയുടെ പതിവായിരുന്നു. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അനുയായികള്‍ മുഖേന ചിത്രമെടുത്തു പ്രചരിപ്പിക്കുന്ന പതിവും ശശികല തുടങ്ങിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

Top