
ചെന്നൈ: അനിശ്ചിതത്വവും നാടകീയതയും നിറഞ്ഞ തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പോരാട്ടം തുടരുകയാണ്. അധികാരമേല്‍ക്കുമെന്ന് കരുതിയിരുന്ന ശശികലയുടെ ക്യാമ്പില്‍ വിള്ളലുണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ശശികല രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ 30 പേര്‍ പ്രതിഷേധ സൂചകമായി നിരാഹാരം തുടങ്ങിയെന്നും അറിയുന്നു. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം. രണ്ട് വിഭാഗമായി ഇവര്‍ ഏറ്റുമുട്ടിയെന്നും വാര്‍ത്തകള്‍
ഇനതിനിടയില്‍ പിന്തുണ അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സമര്‍പ്പിച്ച പട്ടികയിലുള്ള ഒപ്പുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു വ്യക്തമാക്കിയതായും റിപ്പോര്‍ട്ട്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയാണ് 134 എംഎല്‍എമാരെക്കൊണ്ട് ശശികല വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചിരിക്കുന്നതെന്ന് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ആരോപിച്ചിരുന്നു. ഇതു ഗുരുതരമായ ആരോപണമാണെന്നും ഒപ്പുകള്‍ വ്യാജമാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. എംഎല്‍എമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പുതിയ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നത്.
നേരത്തേ, ഡിഎംകെയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്ന നാല്‍പ്പതോളം പേരില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ ഉപവാസമിരുന്ന് പ്രതിഷേധിക്കുന്നത്. ചില സെല്‍ഫികളിലൂടെയാണ് ഇവര്‍ ഉപവാസം നടത്തുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ശശികലയ്‌ക്കെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. ഇവരെ ചെന്നൈ കല്‍പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണു താമസിപ്പിച്ചിരിക്കുന്നത്.
കനത്ത സുരക്ഷയാണ് ഇവിടെ. ശശികലയുടെ വിശ്വസ്തരായ മന്ത്രിമാരുടെയല്ലാതെ മറ്റു വാഹനങ്ങള്‍ കടത്തിവിടുന്നില്ല. റിസോര്‍ട്ടിലെ സ്ഥിരം സുരക്ഷാസംവിധാനത്തിനു പുറമേ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെയും ശശികല നിയോഗിച്ചിട്ടുണ്ട്. മൂന്നു ബസുകളിലായാണ് എംഎല്‍എമാരെ ഇവിടെ എത്തിച്ചത്. വാര്‍ത്താലേഖകര്‍ എത്തുന്നത് തടയാന്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റോഡിലും വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഒ.പനീര്‍സെല്‍വം നേരത്തേ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചതാണെന്നു ബോധ്യപ്പെട്ടാല്‍ ഗവര്‍ണര്‍ മുഴുവന്‍ എംഎല്‍എമാരോടും നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെടാനിടയുണ്ട്. ഇതാണു പനീര്‍സെല്‍വം പക്ഷം ലക്ഷ്യമിടുന്നതും. ശശികല നല്‍കിയ പിന്തുണക്കത്തിന്റെ സാധുത കൂടി പരിശോധിച്ചായിരിക്കും സര്‍ക്കാരുണ്ടാക്കാന്‍ ആരെ ക്ഷണിക്കണമെന്നു ഗവര്‍ണര്‍ തീരുമാനിക്കുക.