
ചെന്നൈ: കോടതി വിധി എതിരായതിനെത്തുടര്‍ന്ന് ജയിലറയിലാകുന്ന ശശികല ചിലതൊക്കെ ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ട്. അതിന്റെ സൂചനയായി ജയലളിതാ സമാധിയില്‍ വച്ച് ശശികല ഉഗ്രപ്രതിജ്ഞ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ശശികലയുടെ ശപഥമാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാവിഷയവും. ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലേക്ക് പോകുംമുമ്പ് ശശികല മറീനയില്‍ ജയലളിതയുടെ സമാധിയിലെത്തിയിരുന്നു. അവിടെ ‘അക്ക’യുടെ ശവക്കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് തമിഴകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ശപഥം അരങ്ങേറിയത്. ശപഥമെടുക്കാന്‍ തയ്യാറായി തന്നെയാണ് ശശികല സമാധിയിലെത്തിയതെന്നാണ് സൂചന. മൂന്നു തവണ കല്ലറയില്‍ ആഞ്ഞടിച്ച ശേഷമാണ് ശശികല പ്രതിജ്ഞയെടുത്തിരിക്കുന്നത്.
എന്ത് ശപഥമാണ് ശശികല എടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. തൊട്ടു പിന്നിലുണ്ടായിരുന്ന മുന്‍ മന്ത്രിമാരായ വളര്‍മതിയും ഗോകുല ഇന്ദിരയും ഇത് കേട്ടിരിക്കാനിടയുണ്ട്. വഞ്ചകരായ ഒ.പി.എസ്സിനോടും കൂട്ടരോടും എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണ് ശപഥമെന്ന് അഭ്യൂഹമുണ്ട്. എന്തു വില കൊടുത്തും പാര്‍ട്ടിയെ സംരക്ഷിക്കുമെന്നാണ് പ്രതിജ്ഞയെന്നും സംസാരമുണ്ട്. എല്ലാം തീരുമാനിച്ചുറപ്പിച്ച മുഖഭാവമായിരുന്നു ശപഥമെടുക്കുമ്പോള്‍ ശശികലയുടേത്. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപം പോലെയാണ് ശശികല ജയലളിതയുടെ സമാധിക്ക് മുന്നില്‍ നിന്നത്. പിന്നില്‍ കൂപ്പുകൈകളോടെ നിന്നിരുന്ന വളര്‍മതി ശശികല ശപഥമെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കുന്നുണ്ട്. എന്തായാലും പനീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നത്.