ശബരിമല: സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ തെരുവുകളില്‍ കലാപം തീര്‍ത്തപ്പോള്‍ ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചു എന്ന് തെളിയുകയാണ്. ശ്രീലങ്കന്‍ വംശജയായ 47കാരി ശശികലയെ ശബരിമലയിലെത്തിച്ചതിന് പിന്നില്‍ പൊലീസിന്റെ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും സന്നിധാനം പൊലീസ് ഇക്കാര്യം നിഷേധിച്ചെങ്കിലും സി.സി ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസിന്റെയും സ്ഥിരീകരണമുണ്ടായി. ഇതോടെ സുപ്രീംകോടതി വിധിക്ക് ശേഷം സന്നിധാനത്ത് ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം മൂന്നായി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ശശികല ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നല്ല തിരക്കുണ്ടായിരുന്നതിനാല്‍ ആരും ശശികലയെ ശ്രദ്ധിച്ചിരുന്നില്ല.
മരക്കൂട്ടത്തില്‍ വച്ച് ഭക്തരുടെ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശശികലയുടെ കൂടെയുണ്ടായിരുന്ന പൊലീസ് സംഘം ദൗത്യം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ മറ്റൊരു സംഘം സുരക്ഷ ഏറ്റെടുക്കുന്നു. സുരക്ഷയൊരുക്കാനായി സാധാരണ ഭക്തരെപ്പോലെ രണ്ട് പൊലീസുകാരും പിന്നാലെ മറ്റൊരു സംഘം പൊലീസുമുണ്ടായിരുന്നു
നടപ്പന്തലില്‍ വച്ച് ഒരു ദൃശ്യമാദ്ധ്യമത്തിന്റെ പ്രതിനിധികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി. ഇത് മറ്റുള്ളവരുടെ ശ്രദ്ധതെറ്റിക്കാനാണെന്നാണ് സൂചന. ദിവസങ്ങളുടെ നിരീക്ഷണത്തിലൂടെ പ്രതിഷേധക്കാരുടെ നീക്കങ്ങൾ പോലീസിന് മനഃപാഠമാണ്. പല പ്രതിഷേധക്കാരെയും പോലീസ് ശബരിമലയിൽ തങ്ങാൻ അനുവദിക്കുന്നത് തന്നെ നീക്കങ്ങൾ നിരീക്ഷിക്കാനാണെന്നാണ് പുറത്തു വരുന്ന വിവരം.
ശശികലയും ഗുരുസ്വാമിയും മഫ്തി പൊലീസിന്റെ സംരക്ഷണയിലാണ് ദര്‍ശനം നടത്തിയത്. സംഭവം വിവാദമായതോടെ ഭാര്യ ദര്‍ശനം നടത്തിയില്ലെന്ന് ശരവണമാരന്‍ സന്നിധാനത്ത് പറഞ്ഞതും ദര്‍ശനത്തിന് അനുവദിക്കാതെ സുരക്ഷാ കാരണത്താല്‍ പാതി വഴിയില്‍ തന്നെ തിരിച്ചിറക്കിയെന്ന് പുലര്‍ച്ചെ ശശികല പമ്പയില്‍ പറഞ്ഞതും പൊലീസിന്റെ തിരക്കഥയുടെ ഭാഗമായിരുന്നു.
രണ്ടാമത്തെ യുവതീ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മുമ്പത്തെ പോലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയില്ല. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനും തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും തയ്യാറായതുമില്ല.