ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിന് ഇനിയും പരിഹാരമാകാതെ നീങ്ങുമ്പോള്‍ രണ്ടിലൊന്ന് തീരുമാനിച്ച് ഗവര്‍ണറുടെ നീക്കങ്ങള്‍. ഗവര്‍ണര്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ശശികലയ്ക്ക് എതിരായതോടെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതരെ ശശികല ഉന്നയിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ നിലപാടുകള്‍ നിഗൂഢമാണെന്ന് ശശികല ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കുന്നതിലൂടെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമം. ഇതിനെതിരെ അടുത്ത ദിവസം മുതല്‍ പുതിയ ചില പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശശികല അറിയിച്ചു. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ശശികലയുടെ പ്രതികരണം.
അതേസമയം, ഇന്നും ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തേടിയിരുന്നെങ്കിലും രാജ്ഭവന്‍ അനുമതി നിഷേധിച്ചുവെന്നാണ് വിവരം. എംഎല്‍എമാരെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും അവര്‍ സ്വതന്ത്രരാണെന്നും ശശികല വ്യക്തമാക്കി. ഗവര്‍ണറുടെ മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുകയാണ്. പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും സന്തുഷ്ടരാണ്. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താനും സന്തുഷ്ടയാണെന്ന് ശശികല വ്യക്തമാക്കി. തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ‘കാത്തിരുന്നു കാണൂ’ എന്നായിരുന്നു ശശികലയുടെ മറുപടി.
സ്വന്തം പാളയത്തില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് വര്‍ധിച്ചതോടെയാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുമായി അടിയന്തര കൂടിക്കാഴ്ചയ്ക്കായി ശശികല എത്തിയത്. മൂന്നു മണിക്കൂറോളം ഇവര്‍ റിസോര്‍ട്ടില്‍ ചെലവഴിച്ചു. 128 എംഎല്‍എമാരുടെ പിന്തുണയാണ് നിലവില്‍ ശശികല വിഭാഗം അവകാശപ്പെടുന്നത്. എംഎല്‍എമാരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാനും പിന്തുണയുണ്ടെന്ന് ഉറപ്പാക്കാനുമാണ് ശശികല നേരിട്ട് കൂവത്തൂരില്‍ എത്തിയത്. നേരത്തെ, മഹാബലിപുരത്തെയും കൂവത്തൂരിലെയും രണ്ടു റിസോര്‍ട്ടുകളിലായാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നത്. ശശികലയുടെ സന്ദര്‍ശനം പ്രമാണിച്ച് മഹാബലിപുരത്തെ റിസോര്‍ട്ടില്‍നിന്ന് എംഎല്‍എമാരെ കൂവത്തൂരിലേക്കു മാറ്റുകയായിരുന്നു.
അതിനിടെ, മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ, പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കാനും ശശികല വിഭാഗം ശ്രമം തുടങ്ങി. മുഖ്യമന്ത്രി സ്ഥാനം കൈയാളാനുള്ള ശശികലയുടെ നീക്കത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി രണ്ടു മന്ത്രിമാരും രണ്ട് എംപിമാരും പനീര്‍സെല്‍വത്തിനൊപ്പം പോയതോടെയാണ് പൊതുസമ്മതനെ അവതരിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശശികല വിഭാഗത്തിന്റെ ശ്രമം.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്നതിനോട് ചില എംഎല്‍എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇരുവരും ശശികലയുമായി അടുപ്പമുള്ളവരാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടി ശശികല നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ ഗവര്‍ണര്‍ക്കും എതിര്‍പ്പുന്നയിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ശശികലയ്ക്ക് പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കുകയും ചെയ്യാം. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാനായി കെ.എ.സെങ്കോട്ടയ്യനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. പനീര്‍സെല്‍വത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി. എന്നാല്‍, വി.കെ. ശശികല തന്നെയാണ് നേതാവെന്ന് കെ.എ. സെങ്കോട്ടയ്യന്‍ പ്രതികരിച്ചു. പകരം മുഖ്യമന്ത്രിയെപ്പറ്റി ആലോചിച്ചിട്ടില്ല. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ അവസാന ശ്വാസംവരെ പോരാടും. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സെങ്കോട്ടയ്യന്‍ പറഞ്ഞു.