
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ തീരുമാനം അനിശ്ചതത്വത്തില്‍. അനധികൃത സ്വത്ത് സമ്പാദനകേസ്സില്‍ സുപ്രീംകോടതി ഒരാഴചയ്ക്കകം വിധിപറയാനിരിക്കുന്നതിനാലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് നീട്ടിവയ്ക്കേണ്ട സാഹചര്യം വന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ മദ്രാസ് സര്‍വകലാശാല ശതാബ്ദി ഓഡിറ്റോറിയത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും സത്യപ്രതിജ്ഞ ഇന്നു നടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു. അനധികൃത സ്വത്തുകേസില്‍ സുപ്രീംകോടതി വിധി വന്ന ശേഷം സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് അദ്ദേഹം നിയമോപദേശം നല്‍കിയതായാണ് സൂചന. ഇതോടെ സത്യപ്രതിജ്ഞ ഓരാഴ്ച്ചയെങ്കിലും നീണ്ടേയ്ക്കും. ചെന്നൈയിലേയ്ക്ക് തിരിയ്ക്കാനിരുന്ന ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്ക് തിരിച്ചതായാണ് വിവരം.
അണ്ണാ ഡിഎംകെ നേതൃത്വവും സത്യപ്രതിജ്ഞയെക്കുറിച്ചു മൗനം പാലിക്കുകയാണ്. സ്വത്തു കേസില്‍ ജയലളിതയും ശശികലയും ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള ഒ. പനീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു. ബദല്‍ സംവിധാനം ഉണ്ടാകും വരെ തുടരാനും നിര്‍ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് പോയസ് ഗാര്‍ഡനിലെ വസതിയില്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തി.
ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കു വേദിയായിട്ടുള്ള മദ്രാസ് സര്‍വകലാശാലാ ശതാബ്ദി ഓഡിറ്റോറിയത്തില്‍ തന്നെയാണു ശശികലയുടെയും സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചത്. വേദിയും കസേരകളും സജ്ജീകരിക്കുകയും അലങ്കാര വിളക്കുകളും സ്ഥാപിക്കുകയും ചെയ്തു. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു.