തൃശൂര്‍: കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട നൗഷാദിന്റെ മരണത്തെ പരാമര്‍ശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. നൗഷാദ് കാട്ടിയത് മണ്ടത്തരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നൗഷാദ് മാന്‍ഹോളിലേക്ക് ഒരു തുണിയോ കയറോ ഇട്ട് നല്കിയാല്‍ മതിയായിരുന്നു. അപകടം മനസിലാക്കാതെ നൗഷാദ് മാന്‍ഹോളിലേക്ക് എടുത്ത് ചാടുകയാണുണ്ടായത്. ഇത്തരം ബുദ്ധി മോശം ഒഴിവാക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമാരും മക്കളെ ഉപദേശിക്കുകയാണ് വേണ്ടത്.രാഷ്ര്ടീയം പറയുകയല്ല. ഒരമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമാണിത് പറയുന്നത്. തൃശ്ശിവ പേരൂര്‍ ഹിന്ദു ധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച അയ്യപ്പവിളക്ക് മഹോല്‍സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്.
നേരത്തേ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നൗഷാദിന്റെ കുടുംബത്തിന് നല്കിയ സഹായത്തെ കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. നൗഷാദിന് സഹായം നല്കിയത് മുസ്‌ളീമായതിനാലാണെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞതെന്നായിരുന്നു ആരോപണം.
എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വെള്ളാപ്പള്ളി പിന്നീട് വ്യക്തമാക്കിയത്. നൗഷാദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യക്ക് ജോലിയും നല്കി. എന്നാല്‍ നൗഷാദിനൊപ്പം മരിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതു പോലെ സഹായം നല്കിയില്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്ന് വെള്ളാപ്പള്ളി പറയുകയുണ്ടായി. സത്യം പറയുമ്പോള്‍ വര്‍ഗ്ഗീയതയെന്നാണ് ആക്ഷേപിക്കുന്നത്.ഇതിനിടെ ശശികല ടീച്ചറുടെ പ്രതികരണത്തിനെതിരെ അതിശക്തമായ പ്രതിക്ഷേധം ഉയരുകയാണ്.