റിയാദ്: ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കാന്‍ ഉപാധികളുമായി സൗദിയും സഖ്യരാജ്യങ്ങളും. 13 ഉപാധികളാണ് മധ്യസ്ഥത വഹിക്കുന്ന കുവൈറ്റിന് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. അല്‍ ജസീറ അടച്ചു പൂട്ടുക, തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.പട്ടിക ഉപരോധ രാജ്യങ്ങൾ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.
പട്ടികയിൽ മുസ്ലിം ബ്രദർഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിനോട് ഖത്തർ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഖത്തറിന് ഉചിതമായ ഉപാധികൾ മുന്നോട്ട് വെക്കണമെന്ന് കഴിഞ്ഞ ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഉപരോധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായി ബന്ധം അവസാനിപ്പിച്ചത്. ഭീകര സംഘടനകളെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കിയത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ ഉപരോധം പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. അല്‍ ജസീറ വിഷയമുള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്നും വിദേശനയം അടിയറ വെച്ച് കീഴടങ്ങലിന് ഒരുക്കമല്ലെന്നും ഖത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.