റിയാദ്: ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്. രണ്ടു ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ചു ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.സൗദിയില്‍ അതിവേഗമാണ് വീഡിയോ വൈറലായത്. മലയാളികള്‍ അംഗമായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കുട്ടികളെ മര്‍ദ്ദിക്കുന്ന വ്യക്തിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൗദി പോലീസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തി. കുട്ടികളെ മര്‍ദ്ദിച്ചത് ഒരു യുവതിയാണെന്ന് കണ്ടെത്തി.
ആറ് മാസം പ്രായമായ ഇരട്ട പെണ്‍കുഞ്ഞുങ്ങളെയാണ് യുവതി ക്രൂരമായി മര്‍ദ്ദിച്ചതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും. അതിന്റെ വീഡിയോ പകര്‍ത്തിയത് യുവതി തന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇക്കാര്യം യുവതി പോലീസിനോട് സമ്മതിക്കുകയും ചെയ്തു. സൗദിക്കാരിയല്ല യുവതി. യുവതിയോട് പോലീസ് വിശദമായി ചോദിച്ചപ്പോള്‍ വീഡിയോ പകര്‍ത്തിയത് താനാണെന്നും തന്റെ കുട്ടികളാണ് ദൃശ്യത്തിലുള്ളതെന്നും യുവതി സമ്മതിച്ചു. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം യുവതിയെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചു. കുട്ടികളുടെ തലയ്ക്ക് തുടര്‍ച്ചയായി അടിക്കുകയും മുകളിലേക്ക് ഉയര്‍ത്തി താഴേക്കിടുകയും ചെയ്യുന്നത് വീഡിയോയിലുണ്ടായിരുന്നു. കുട്ടികള്‍ അടികൊണ്ട് കരയമ്പോള്‍ വീണ്ടുംവീണ്ടും അടിക്കുകന്നതായിരുന്നു വീഡിയോ. ഒരു കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നതും വീഡിയോയില്‍ കാണാം. ശ്വാസം കിട്ടാത്തെ അവസ്ഥയില്‍ കുട്ടിയുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിവരുന്നത് ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
എങ്ങനെയാണ് വീഡിയോ പുറത്തായത് എന്നാണ് അറിയേണ്ടത്. ഒരു യുവാവാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. യമനിയായ മുഹനദ് അല്‍ ഹശ്ദിയെന്നയാളാണ് വീഡിയോ പുറത്ത് വിട്ടതെന്ന് ബോധ്യമായി. ഹശ്ദിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സോമാലിയക്കാരിയാണ് യുവതി. ഇവര്‍ ഏറെനാളായി സൗദിയിലാണ് താമസം. യമന്‍ പൗരനെയാണ് വിവാഹം ചെയ്തിട്ടുള്ളത്. വിവാഹത്തിന് ശേഷം സൗദിയിലാണ് അവര്‍ കഴിയുന്നത്. ഇപ്പോള്‍ ഇരുവരും വേര്‍പ്പിരിഞ്ഞാണ് താമസം. കുടുംബകലഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണമില്ലാതെ ബുദ്ധിമുട്ടയപ്പോഴാണ് യുവതി ക്രൂരമായ വഴി തേടിയത്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ അവര്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. യമനിലുള്ള ഭര്‍ത്താവിന്റെ പിതാവിന് അയച്ചുകൊടുത്തു. തനിക്ക് പണം വേണമെന്നും അല്ലെങ്കില്‍ ഇതുപോലെ ഇനിയും കുട്ടികളെ മര്‍ദ്ദിക്കുമെന്നും യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീഡിയോ കണ്ട കുട്ടികളുടെ മുത്തച്ഛന്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. അദ്ദേഹം പിന്നീട് ഹശ്ദിയോട് കാര്യം പറഞ്ഞു. വീഡിയോ ഇയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെ്തു. ഹശ്ദിയാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് സംഭവം വിവാദമായത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുകുട്ടികളെയും പോലീസ് രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ പിതാവിന്റെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവരുടെ അഭിപ്രായം.